| Saturday, 1st March 2025, 5:39 pm

ഓരോ തവണയും റെക്കോഡ് കോഹ്‌ലിക്ക്, കയ്യടി മുഴുവന്‍ ജഡേജയ്ക്ക്; ന്യൂസിലാന്‍ഡിനെതിരെയും ആവര്‍ത്തിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് രണ്ടിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം തന്നെയാണ് ഇന്ത്യയുടെ ഈ മത്സരത്തിനും വേദിയാകുന്നത്.

ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കും മുമ്പ് തന്നെ ഗ്രൂപ്പ് എ-യില്‍ നിന്നും സെമി ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നത് തന്നെയാണ് ഈ മാച്ചിനെ ഏറെ സ്‌പെഷ്യലാക്കുന്നത്.

വിരാട് കോഹ്‌ലിയുടെ മുന്നൂറാമത് ഏകദിന മത്സരമെന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്. ഇന്ത്യയ്ക്കായി 300 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഏഴാമത് മാത്രം താരമെന്ന റെക്കോഡിലേക്കാണ് വിരാട് നടന്നുകയറാനൊരുങ്ങുന്നത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (463), എം.എസ്. ധോണി (367), രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308), യുവരാജ് സിങ് (301) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

വിരാട് തന്റെ കരിയറിലെ സുപ്രധാന മത്സരത്തിനിറങ്ങുമ്പോള്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ പ്രകടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിരാടിന്റെ ഓരോ റെക്കോഡ്, കരിയര്‍ മൈല്‍സ്റ്റോണ്‍ മാച്ചിലും ജഡ്ഡുവിന്റെ പ്രകടനം അത്രത്തോളം മികച്ചതായിരുന്നു എന്നത് തന്നെ കാരണം.

വിരാട് കോഹ്‌ലിയുടെ നൂറാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റുമായാണ് ജഡേജ തിളങ്ങിയത്. മത്സരത്തിലെ താരവും ജഡേജ തന്നെ. വിരാടിന്റെ നൂറാം ടെസ്റ്റ് മത്സരത്തിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. 2022 മാര്‍ച്ച് നാലിന് മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് വിരാട് തന്റെ നൂറാം ടെസ്റ്റ് കളിച്ചത്. ഈ മത്സരത്തിലും ജഡ്ഡു തന്നെയാണ് കളിയിലെ താരമായത്.

ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും വിജയിച്ച മത്സരത്തില്‍ ജഡേജ പുറത്താകാതെ 157 റണ്‍സ് നേടുകയും ഒരു ഫൈഫറടക്കം ഒമ്പത് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

വിരാട് ക്യാപ്റ്റന്റെ റോളിലെത്തിയ അമ്പതാം ടി-20ഐ മത്സരത്തിലും തിളങ്ങിയത് ജഡേജയായിരുന്നു. മൂന്ന് വിക്കറ്റ് പിഴുതെടുത്ത താരം വീണ്ടും പ്ലെയര്‍ ഓഫ് ദി മാച്ചും സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാടിന്റെ 600ാം ഇന്നിങ്‌സും ജഡേജയുടെ പോരാട്ട വീര്യത്താലാണ് അടയാളപ്പെടുത്തപ്പെടുക. 2024ല്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റിലാണ് ജഡ്ഡു ഫൈഫറുമായി തിളങ്ങിയത്. ഇന്ത്യ പരാജയപ്പെട്ട ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും താരം അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചിരുന്നു.

വിരാടിന്റെ റെക്കോഡ്, കരിയര്‍ മൈല്‍സ്റ്റോണ്‍ മാച്ചുകളില്‍ മാത്രമല്ല, താരത്തിന്റെ പിറന്നാള്‍ അടക്കമുള്ള സ്‌പെഷ്യല്‍ ഡെയ്‌സിലും ജഡേജ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് പതിവാണ്.

2015ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ജഡ്ഡുവിന്റെ അവിസ്മരണീയ പ്രകടനം ആരാധകര്‍ കണ്ടത്. വിരാടിന്റെ പിറന്നാള്‍ ദിനമായ നവംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഷെഡ്യൂള്‍ ചെയ്യപ്പെട്ടത്.

മൂന്നാം ദിനം അവസാനിച്ച മത്സരത്തില്‍ ഇന്ത്യ 108 റണ്‍സിന് വിജയിച്ചിരുന്നു. ഒരു ഫൈഫറടക്കം എട്ട് വിക്കറ്റ് വീഴ്ത്തിയ ജഡേജയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായത്.

2021 നവംബര്‍ അഞ്ചിന് സ്‌കോട്‌ലാന്‍ഡിനെതിരായ ടി-20യിലാണ് ഇന്ത്യ കളിച്ചത്. ടി-20 ലോകകപ്പിലായിരുന്നു മത്സരം. നാല് ഓവര്‍ പന്തെറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജഡ്ഡുവിനെ ഒരിക്കല്‍ക്കൂടി കളിയിലെ താരമായി തെരഞ്ഞെടുത്തു.

2023ലെ പിറന്നാള്‍ ദിവസം നടന്ന മത്സരത്തില്‍ സെഞ്ച്വറിയടിച്ച് വിരാട് കോഹ്‌ലി പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി. എന്നാല്‍ ഇന്ത്യ 243 റണ്‍സിന് വിജയിച്ച മത്സരത്തില്‍ ജഡേജയുടെ കയ്യൊപ്പും പതിഞ്ഞിരുന്നു. ഒമ്പത് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്. ഏകദിനത്തില്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണിത്.

വിരാട് ഇപ്പോള്‍ കരിയറിലെ 300ാം ഏകദിനത്തിനിറങ്ങുമ്പോള്‍ ജഡേജ തിളങ്ങുമോ എന്ന് തന്നെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: ICC Champions Trophy 2025: Ravindra Jadeja’s brilliant performances in Virat Kohli’s milestone matches

We use cookies to give you the best possible experience. Learn more