Champions Trophy
സാക്ഷാല്‍ മുത്തയ്യ മുരളീധരനെ തകര്‍ക്കാന്‍ ജഡേജ; ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 07, 03:22 am
Friday, 7th March 2025, 8:52 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ എന്‍ട്രി.

 

ഫൈനലില്‍ ഒരു ഐതിഹാസിക നേട്ടത്തിലേക്കാണ് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കണ്ണുവെക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ സ്പിന്നര്‍ എന്ന നേട്ടമാണ് ജഡ്ഡുവിന് മുമ്പിലുള്ളത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച 14 മത്സരത്തില്‍ നിന്നും 20 വിക്കറ്റുമായി ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് ജഡേജ. 24 വിക്കറ്റ് നേടിയ ഇതിഹാസ താരം മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമതുള്ളത്.

കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഫോര്‍ഫര്‍ നേടിയാല്‍ മുത്തയ്യക്കൊപ്പം ഒന്നാം സ്ഥാനത്തെത്താനും മറിച്ച് ഫൈഫര്‍ നേടിയാല്‍ മുരളിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്തെത്താനും ജഡേജയ്ക്ക് സാധിക്കും.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി (ഐ.സി.സി നോക്ക്ഔട്ട്)യില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന സ്പിന്നര്‍

(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധകരന്‍ – ശ്രീലങ്ക – 15 – 24

രവീന്ദ്ര ജഡേജ – ഇന്ത്യ – 14 – 20*

ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 17 – 18

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 14 – 17

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യ – 11 – 14

സനത് ജയസൂര്യ – ശ്രീലങ്ക – 14 – 14

നിലവില്‍ 36കാരനായ ജഡജേ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന അടുത്ത ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്ന കാര്യം സംശയമായിരിക്കും. ഇക്കാരണം കൊണ്ടുതന്നെ മുരളീധരനെ മറികടക്കാനുള്ള അവസാന അവസരം കൂടിയാണ് ജഡേജയ്ക്ക് മുമ്പിലുള്ളത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം ബൗളര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ ടെക്‌നിക്കലി ജഡേജയ്ക്ക് സാധിക്കുമെങ്കിലും എളുപ്പം നടന്നേക്കില്ല. എട്ട് വിക്കറ്റുകള്‍ നേടിയാല്‍ മാത്രമേ ജഡ്ഡുവിന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കൂ.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി (ഐ.സി.സി നോക്ക്ഔട്ട്)യില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബൗളര്‍

(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

കൈല്‍ മില്‍സ് – ന്യൂസിലാന്‍ഡ് – 15 – 28

ലസിത് മലിംഗ – ശ്രീലങ്ക – 16 – 25

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 15 – 24

ബ്രെറ്റ് ലീ – ഓസ്‌ട്രേലിയ – 15 – 22

ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 12 – 21

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 12 – 21

രവീന്ദ്ര ജഡേജ – ഇന്ത്യ – 14 – 20*

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 15 – 20

ചാമ്പ്യന്‍സ് ട്രോഫിയുടെ ഈ എഡിഷനില്‍ കളിച്ച നാല് മത്സരത്തില്‍ നിന്നും നാല് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. ഫൈനലില്‍ താരം മികച്ച പ്രകടനം നടത്തുമെന്നും ഈ പട്ടികയില്‍ നേട്ടമുണ്ടാക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

 

Content Highlight: ICC Champions Trophy 2025: Ravindra Jadeja need 5 wickets to surpass Muttiah Muralitharan in most wickets by a spinner in CT