| Friday, 28th February 2025, 3:25 pm

ഇത് മനസിലാക്കാന്‍ ആകാശത്തേക്ക് റോക്കറ്റയക്കുന്ന ശാസ്ത്രജ്ഞനൊന്നും ആകേണ്ട; ഇന്ത്യയ്‌ക്കെതിരെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. 2013ലും 2017ലും ഫൈനലും കളിച്ച ഇന്ത്യ, ഇത്തവണ ഫൈനലും 2017ല്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെടുത്തിയ കിരീടവുമാണ് ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചത്. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയിച്ച ഇന്ത്യ പാകിസ്ഥാനെതിരെയും ആറ് വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ രണ്ട് മത്സരങ്ങളും നടന്നത്.

ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന തീരുമാനത്തിന് പിന്നാലെയാണ് ദുബായ് ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് വേദിയായത്. ഒരുപക്ഷേ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ കലാശപ്പോരാട്ടവും ദുബായില്‍ വെച്ചാകും നടക്കുക. അതായത് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ തന്നെയാണ് നടക്കുക എന്നര്‍ത്ഥം.

ഒരേ വേദിയില്‍ തന്നെ ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും കളിക്കുന്നതില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം റാസി വാന്‍ ഡെര്‍ ഡസന്‍. ഒരേ വേദിയില്‍ തന്നെ എല്ലാ മത്സരങ്ങളും കളിക്കുന്നത് ഇന്ത്യയ്ക്ക് ആനുകൂല്യം നല്‍കുന്നുവെന്നാണ് വാന്‍ ഡെര്‍ ഡസന്‍ പറയുന്നത്.

‘നിങ്ങള്‍ക്ക് ഒരു സ്ഥലത്ത് തന്നെ, ഒരേ ഹോട്ടലില്‍ തന്നെ താമസിക്കാന്‍ സാധിക്കുന്നു, ഒരേ സാഹചര്യങ്ങളില്‍ തന്നെ പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുന്നു, ഒരേ സ്റ്റേഡിയത്തിലെ ഒരേ പിച്ചില്‍ തന്നെ കളിക്കാന്‍ സാധിക്കുന്നു, ഇതെല്ലാം തീര്‍ച്ചയായും ഒരു അഡ്വാന്റേജ് തന്നെയാണ്.

ഇത് മനസിലാക്കണമെങ്കില്‍ നിങ്ങള്‍ ഒരു റോക്കറ്റ് സൈന്റിസ്റ്റാകേണ്ട ആവശ്യമൊന്നുമില്ല. ആ അഡ്വാന്റേജ് കൃത്യമായി ഉപയോഗിക്കാനുള്ള ബാധ്യതയും ഇന്ത്യയ്ക്ക് മേലുണ്ട്,’ റാസി വാന്‍ ഡെര്‍ ഡസന്‍ പറഞ്ഞു.

അതേസമയം, ഇതേ വേദിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. മാര്‍ച്ച് രണ്ടിനാണ് മത്സരം. ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കും മുമ്പ് തന്നെ ഗ്രൂപ്പ് എ-യില്‍ നിന്നും സെമി ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നത് തന്നെയാണ് ഈ മാച്ചിനെ ഏറെ സ്പെഷ്യലാക്കുന്നത്.

സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചു എന്നതുകൊണ്ട് മാത്രം ഇരു ടീമുകളും ഉഴപ്പാന്‍ സാധ്യതയില്ല. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാം സ്ഥാനത്തെത്തും എന്നതിനാല്‍ തന്നെ വിജയം ലക്ഷ്യമിട്ടാകും ഇരു ടീമുകളും കളത്തിലിറങ്ങുക.

Content highlight: ICC Champions Trophy 2025: Rassie van der Dussen criticize India for playing in same stadium

We use cookies to give you the best possible experience. Learn more