Advertisement
Champions Trophy
ചാമ്പ്യന്‍മാരാ, പക്ഷേ ഒറ്റ ജയമില്ല; ഓസ്‌ട്രേലിയക്ക് ശേഷം നാണക്കേടില്‍ പാകിസ്ഥാനും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 27, 11:07 am
Thursday, 27th February 2025, 4:37 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ പാകിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥ മൂലം ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെയാണ് മത്സരം ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ ഈ സീസണില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ പാകിസ്ഥാന്‍ ക്യാമ്പെയ്ന്‍ അവസാനിപ്പിച്ചു.

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട പാകിസ്ഥാന്‍ ഇതിനോടകം തന്നെ സെമി കാണാതെ പുറത്തായിരുന്നു. സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി മടങ്ങാനുള്ള അവസാന അവസരം കൂടിയാണ് ഇപ്പോള്‍ മഴയെടുത്തിരിക്കുന്നത്. ബംഗ്ലാദേശും ഇത്തരത്തില്‍ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാതെയാണ് പുറത്തായിരിക്കുന്നത്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് പാകിസ്ഥാന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിന്റെ തോല്‍വിയാണ് ആതിഥേയര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ടോം ലാഥവും വില്‍ യങ്ങും നേടിയ സെഞ്ച്വറികളാണ് കിവികള്‍ക്ക് വിജയം സമ്മാനിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയോടാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയവും ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു.

തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിന്റെ ജയപരാജയങ്ങള്‍ പാകിസ്ഥാന്റെ വിധി മാറ്റിമറിക്കുമായിരുന്നു. എന്നാല്‍ ‘ഏഷ്യാസ് ബെസ്റ്റ് ടീം’ പാകിസ്ഥാന്റെ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വി. ദുബായില്‍ നടന്ന മത്സരത്തില്‍ യുവതാരം തൗഹിദ് ഹൃദോയ്‌യുടെ സെഞ്ച്വറിയുടെ ബലത്തില്‍ ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയും തന്റെ മാജിക് വ്യക്തമാക്കി.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് വിജയിക്കേണ്ടത് പാകിസ്ഥാന്റെ കൂടി ആവശ്യമായിരുന്നു. ബംഗ്ലാദേശ് – ന്യൂസിലാന്‍ഡ് മത്സരത്തിലും ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തിലും കിവികള്‍ പരാജയപ്പെടുകയും ബംഗ്ലാദേശ് – പാകിസ്ഥാന്‍ മത്സരത്തില്‍ ആതിഥേയര്‍ വിജയിക്കുകയും ചെയ്താല്‍ റണ്‍ റേറ്റ് കൂടി കണക്കിലെടുത്ത് പാകിസ്ഥാന് മുന്നേറാനുള്ള സാധ്യതകളുണ്ടായിരുന്നു.

എന്നാല്‍ പാകിസ്ഥാന്റെ ആ സാധ്യതകള്‍ക്ക് ഫുള്‍ സ്റ്റോപ്പിട്ട് ബംഗ്ലാദേശ് തോല്‍വിയേറ്റുവാങ്ങി.

ഇതാദ്യമായല്ല ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ പുറത്താകുന്നത്. 2009ല്‍ കിരീടം നേടിയ ശേഷം 2013ല്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ ഓസ്‌ട്രേലിയ പുറത്തായതും ഇങ്ങനെ തന്നെയായിരുന്നു.

2013ല്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടായിരുന്നു ഓസ്ട്രേലിയ തുടങ്ങിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനായിരുന്നു കങ്കാരുക്കളുടെ തോല്‍വി.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ഇതേ ഗ്രൗണ്ടില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ ഓവലില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക ഓസീസിനെ 20 റണ്‍സിനും പരാജയപ്പെടുത്തി.

2013ല്‍ ഒറ്റ പോയിന്റ് മാത്രമാണ് ഓസീസിന് നേടാന്‍ സാധിച്ചത്. ഇതേ ഒരു പോയിന്റ് മാത്രമാണ് ഇപ്പോള്‍ പാകിസ്ഥാനുമുള്ളത്.

 

Content highlight: ICC Champions Trophy 2025: Pakistan vs Bangladesh match abandoned due to rain