Advertisement
Champions Trophy
ഇന്ത്യയുടെ വിജയത്തിനായി പാകിസ്ഥാന്‍ പ്രാര്‍ത്ഥിക്കേണ്ട അവസ്ഥ; പച്ചപ്പടുടെ വിധിയെഴുതാന്‍ ബംഗ്ലാദേശ് ഇറങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 24, 09:52 am
Monday, 24th February 2025, 3:22 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ പുറത്താകലിന്റെ വക്കിലെത്തി നില്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനും പരാജയപ്പെട്ടു.

തുടര്‍ച്ചയായ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് എ-യില്‍ നിന്നും സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാന് ഇനി സെമി കളിക്കണമെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുക്കണം.

ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് മത്സരത്തില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും സംഘവും വിജയിക്കണം, ശേഷം തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ മികച്ച മാര്‍ജിനില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും വേണം.

ഇതിനൊപ്പം തന്നെ ഇന്ത്യയുടെ വിജയത്തിനായും പാകിസ്ഥാന്‍ പ്രാര്‍ത്ഥിക്കണം. കാരണം മേല്‍പ്പറഞ്ഞ രണ്ട് സാഹചര്യങ്ങള്‍ക്കൊപ്പം ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെടുകയും ചെയ്‌തെങ്കില്‍ മാത്രമേ പാകിസ്ഥാന് മുമ്പില്‍ സാധ്യതകള്‍ തുറക്കപ്പെടൂ.

ഈ സാഹചര്യത്തില്‍ ഗ്രൂപ്പ് എ-യില്‍ ഇന്ത്യയൊഴികെയുള്ള എല്ലാ ടീമുകള്‍ക്കും ഓരോ വിജയം വീതമാകും ഉണ്ടാവുക. ഇതില്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ മികച്ചുനില്‍ക്കുന്ന ടീം ഇന്ത്യയ്‌ക്കൊപ്പം സെമിയില്‍ പ്രവേശിക്കും.

സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ നോക്ക്ഔട്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യയടക്കമുള്ള ടീമുകളുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണം.

അതേസമയം, പാകിസ്ഥാന്റെ വിധിയെഴുതുന്ന ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് മത്സരം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കിവീസ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 33 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 22 പന്തില്‍ 24 റണ്‍സുമായി തന്‍സിദ് ഹസനും 20 പന്തില്‍ എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുമാണ് ക്രീസിലുള്ളത്.

ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്നും മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ബ്ലാക് ക്യാപ്‌സിനെതിരെ കളത്തിലിറങ്ങിയത്. സൗമ്യ സര്‍ക്കാര്‍, തന്‍സിം ഹസന്‍ സാകിബ് എന്നിവര്‍ക്ക് പകരം മഹ്‌മദുള്ള, നാഹിദ് റാണ എന്നിവരാണ് ടീമില്‍ ഇടം നേടിയത്.

ഈ നിര്‍ണായക മത്സരത്തില്‍ മഹ്‌മദുള്ളയുടെ അനുഭവ സമ്പത്ത് ടീമിന് തുണയാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

മഹ്‌മദുള്ള

 

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

തന്‍സിദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മെഹിദി ഹസന്‍ മിറാസ്, തൗഹിദ് ഹൃദോയ്, മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മഹ്‌മദുള്ള, ജാക്കിര്‍ അലി, റിഷാദ് ഹൊസൈന്‍, താസ്‌കിന്‍ അഹ്‌മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, നാഹിദ് റാണ.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‌റി, കൈല്‍ ജാമൈസണ്‍, വില്‍ ഒ റൂര്‍ക്.

 

Content highlight: ICC Champions Trophy 2025: Pakistan’s chances to play demi finals