ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.
ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ തങ്ങളുടെ അഞ്ചാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് യോഗ്യത നേടിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഗംഭീര വിജയത്തിന് പിന്നാലെയാണ് കിവികള്‍ ഫൈനലിലേക്ക് ‘പറന്നെത്തിയിരിക്കുന്നത്’.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ നേരിടുന്നത്. 2000ലായിരുന്നു ഇരുവരുടെയും ആദ്യ എന്‍കൗണ്ടര്‍. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് കിരീടമണിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ കിരീടവും ഏക കിരീടവുമാണത്.
ഇത്തവണയും ഫൈനലില്‍ ന്യൂസിലാന്‍ഡ് തന്നെ വിജയിക്കുമെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ന്യൂസിലാന്‍ഡ് ഒരിക്കലും സമ്മര്‍ത്തിലാകില്ലെന്നും മികച്ച താരങ്ങളാണ് ടീമിനൊപ്പമുള്ളതെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.
സ്‌കൈ സ്‌പോര്‍ട്‌സിലെ ടോക് ഷോയിലാണ് ഇംഗ്ലീഷ് ലെജന്‍ഡ് കിരീടം ന്യൂസിലാന്‍ഡ് സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ടത്.
‘അവര്‍ കാര്യങ്ങള്‍ വഷളാക്കുമെന്നോ സമ്മര്‍ദത്തിലാകുമെന്നോ കരുതുന്നില്ല. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചുമായി ഡിന്നര്‍ കഴിക്കവെ ന്യൂസിലാന്‍ഡ് ഒരിക്കലും സ്വയം പരാജയപ്പെടില്ല എന്നാണ് ഞങ്ങള്‍ സംസാരിച്ചത്. എന്തുതന്നെയായാലും അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.
എല്ലാ മത്സരങ്ങളും സ്ഥിരതയോടെ കളിക്കുന്ന കളിക്കാരുടെ കൂട്ടമാണ് ന്യൂസിലാന്‍ഡ്. ഇക്കാരണത്താലാണ് അവര്‍ ഏല്ലായ്‌പ്പോഴും സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങളുടെ ചര്‍ച്ചകളുടെ ഭാഗമാകുന്നത്,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.
ടീമിനൊപ്പം മികച്ച താരങ്ങളുണ്ടെന്നും പരിചയ സമ്പത്തുള്ള താരങ്ങളുടെയും യുവതാരങ്ങളുടെയും പെര്‍ഫെക്ട് ബ്ലെന്‍ഡാണ് ന്യൂസിലാന്‍ഡ് എന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.
‘ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ, പരിചയ സമ്പത്തുള്ള കെയ്ന്‍ വില്യംസണും രചിന്‍ രവീന്ദ്രയെ പോലെ മികച്ച യുവതാരങ്ങളുടെയും പെര്‍ഫെക്‌സ് ബ്ലെന്‍ഡാണ് ന്യൂസിലാന്‍ഡ്. ഒരുപക്ഷേ അവര്‍ ഫൈനലില്‍ പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യ അവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കൊണ്ട് മാത്രമായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: ICC Champions Trophy 2025: Nasser Hussain about New Zealand