Champions Trophy
ഇന്ത്യ ജയിക്കുമെന്ന് പ്രവചനം, ഒപ്പം ഫൈനലില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ ന്യൂസിലാന്‍ഡിന് ബുദ്ധിയുപദേശിച്ച് മുന്‍ ഓസീസ് നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 08, 03:15 am
Saturday, 8th March 2025, 8:45 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

ഇത് രണ്ടാം തവണയാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ നേരിടുന്നത്. 2000ലായിരുന്നു ഇരുവരുടെയും ആദ്യ എന്‍കൗണ്ടര്‍. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് കിരീടമണിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ കിരീടവും ഏക കിരീടവുമാണത്.

ആദ്യ സെമിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലുറപ്പിച്ചപ്പോള്‍ ഉദ്ഘാടന ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കീവീസ് കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.

ഫൈനലില്‍ ഇന്ത്യ വിജയിക്കാന്‍ സാധ്യതകളേറെയാണ് എന്ന് വ്യക്തമാക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ടൂര്‍ണമെന്റിന്റെ ആരംഭത്തില്‍ നടത്തിയ പ്രവചനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ക്ലാര്‍ക് ഇന്ത്യ തന്നെ ചാമ്പ്യന്‍മാരാകുമെന്നും വ്യക്തമാക്കി.

ബിയോണ്ട് 23 പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്.

‘ടൂര്‍ണമെന്റ് ആരംഭിച്ചപ്പോഴുള്ള അതേ പ്രവചനത്തില്‍ തന്നെ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി വിജയിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് വളരെ ആവേശം നിറഞ്ഞ മത്സരമായിരിക്കും. എങ്കിലും ഇന്ത്യ തന്നെ വിജയിക്കുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്,’ ക്ലാര്‍ക് പറഞ്ഞു.

നേരത്തെ ഇത്ര ഗ്രൗണ്ടില്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ചിട്ടുണ്ട് എന്നത് മാത്രമായിരിക്കും ന്യൂസിലാന്‍ഡിന് ലഭിക്കുന്ന ഏക അഡ്വാന്റേജെന്നും ക്ലാര്‍ക് കൂട്ടിച്ചേര്‍ത്തു. ഒപ്പം ഇന്ത്യയ്‌ക്കെതിരെ ടീമിന്റെ ഗെയിം പ്ലാന്‍ എന്തായിരിക്കണമെന്നും ക്ലാര്‍ക് സൂചിപ്പിച്ചു.

‘ഇത് അവരെ (ന്യൂസിലാന്‍ഡ്) സംബന്ധച്ച് ഏറെ വിഷമകരമായിക്കും. ഇവിടെയുള്ള സാഹചര്യങ്ങള്‍ പരിചിതമാണ് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ അഡ്വാന്റേജ്.

(സെമിയില്‍) ഓസ്‌ട്രേലിയ 270 റണ്‍സ് നേടിയിരുന്നെങ്കില്‍ അവര്‍ക്ക് ഇതിലും മികച്ച രീതിയില്‍ ഇന്ത്യയ്‌ക്കെതിരെ പൊരുതാന്‍ സാധിക്കുമായിരുന്നു. ഈ സൂചന കണക്കിലെടുത്ത് ന്യൂസിലാന്‍ഡ് 300 റണ്‍സ് നേടാന്‍ ശ്രമിക്കണം. ആ എക്‌സ്ട്രാ 30 റണ്‍സ് വലിയ വ്യത്യാസമുണ്ടാക്കും.

ന്യൂസിലാന്‍ഡിന് ഇന്ത്യയ്‌ക്കെതിരെ പിടിച്ചുനില്‍ക്കണമെങ്കില്‍ അഗ്രസ്സീവ് അപ്രോച്ച് സ്വീകരിക്കണം. അവര്‍ അഗ്രസ്സീവായി പന്തെറിയുകയും ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം നടത്തുകയും വേണം.

ഈ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാലും ന്യൂസിലാന്‍ഡിന് വിജയിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ഇത് ചെയ്തുകാണിക്കാന്‍ കഴിവുള്ള ടീമാണ് ന്യൂസിലാന്‍ഡ്. അവര്‍ മികച്ച ഫോമിലാണ്. അട്ടിമറി സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിക്കും,’ ക്ലാര്‍ക് വ്യക്തമാക്കി.

 

Content Highlight: ICC Champions Trophy 2025: Michael Clarke predicts India will beat New Zealand in the final