ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
പ്രതീക്ഷിച്ച തുടക്കമല്ല അഫ്ഗാനിസ്ഥാന് ലഭിച്ചത്. ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ സൂപ്പര്‍ താരമായ റഹ്‌മാനുള്ള ഗുര്‍ബാസിനെയും 15ല്‍ നില്‍ക്കവെ സെദ്ദിഖുള്ള അടലിനെും അഫ്ഗാനിസ്ഥാന് നഷ്ടമായിരുന്നു. 40 കടക്കും മുമ്പേ മൂന്നാം വിക്കറ്റായി റഹ്‌മത് ഷായും കൂടാരം കയറി.
Three wickets for England.
Three wickets for Jofra Archer!It’s been a strong start in Lahore 💪
🇦🇫 3️⃣7️⃣-3️⃣ pic.twitter.com/GRGz1EkYDc
— England Cricket (@englandcricket) February 26, 2025
15 പന്തില്‍ ആറ് റണ്‍സ് നേടിയാണ് ഗുര്‍ബാസ് പുറത്തായത്. സെദ്ദിഖുള്ള അടലും റഹ്‌മത് ഷായും നാല് റണ്‍സ് വീതം നേടിയും മടങ്ങി. സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറാണ് മൂന്ന് പേരെയും മടക്കിയത്.
അഫ്ഗാന്‍ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഗുര്‍ബാസിന്റെ വിക്കറ്റ് പിഴുതെറിഞ്ഞതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ഏകദിന കരിയറില്‍ താരത്തിന്റെ 50ാം വിക്കറ്റായാണ് ഗുര്‍ബാസ് തിരിച്ചുനടന്നത്.
ഇതിനൊപ്പം ഒരു റെക്കോഡും ആര്‍ച്ചര്‍ സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും വേഗം 50 വിക്കറ്റ് മാര്‍ക് പിന്നിടുന്ന ഇംഗ്ലണ്ട് താരമെന്ന നേട്ടമാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണെയാണ് ആര്‍ച്ചര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
തന്റെ കരിയറിലെ 31ാം ഇന്നിങ്‌സിലാണ് ആന്‍ഡേഴ്‌സണ്‍ 50 ഏകദിന വിക്കറ്റ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ജിമ്മിയെക്കാള്‍ ഒരു മത്സരം കുറവ് കളിച്ചാണ് ആര്‍ച്ചര്‍ 50 വിക്കറ്റ് നേട്ടത്തിലെത്തിയത്.
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
ജോഫ്രാ ആര്‍ച്ചര്‍ – 30*
ജെയിംസ് ആന്‍ഡേഴ്‌സണ്‍ – 31
സ്റ്റീവ് ഹാര്‍മിസണ്‍ – 32
സ്റ്റിവെന്‍ ഫിന്‍ – 33
സ്റ്റുവര്‍ട്ട് ബ്രോഡ് – 34
ഗാരന്‍ ഗഫ് – 34
ഏകദിനത്തില്‍ 26.57 എന്ന ശരാശരിയിലാണ് താരം പന്തെറിയുന്നത്. 30.9 സ്‌ട്രൈക്ക് റേറ്റും 5.14 എന്ന മോശമല്ലാത്ത എക്കോണമിയുമുള്ള ആര്‍ച്ചര്‍ ഏകദിനത്തില്‍ ഒരു ഫൈഫറും നേടിയിട്ടുണ്ട്. 2023ല്‍ കിംബെര്‍ലിയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ 40 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം (അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുമ്പുള്ള കണക്കുകള്‍).
ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ആര്‍ച്ചര്‍. തന്റെ പഴയ ടീമിനൊപ്പം താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Back to where it all started. Back to home!
Jofra Archer. Royal. Again! 🔥💗 pic.twitter.com/KdrO6iUez4
— Rajasthan Royals (@rajasthanroyals) November 24, 2024
അതേസമയം, മികച്ച രിതിയിലാണ് ആര്‍ച്ചര്‍ അഫ്ഗാനെതിരെ പന്തെറിയുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ റണ്‍സ് വഴങ്ങിയതിന്റെ നിരാശ മറികടക്കാനുറച്ചാണ് ആര്‍ച്ചര്‍ രണ്ടാം മത്സരത്തിനിറങ്ങിയത്. തകര്‍ത്തെറിഞ്ഞ് അഫ്ഗാനെ പിടിച്ചുകെട്ടുകയാണ് ത്രീ ലയണ്‍സിന്റെ ലക്ഷ്യം.
നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയെ ഒപ്പം കൂട്ടി സൂപ്പര്‍ താരം ഇബ്രാഹിം സദ്രാന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ 22 ഓവര്‍ പിന്നിടുമ്പോള്‍ 91/3 എന്ന നിലയിലാണ് അഫ്ഗാന്‍ ബാറ്റിങ് തുടരുന്നത്. സദ്രാന്‍ 60 പന്തില്‍ 47 റണ്‍സുമായും ഷാഹിദി 44 പന്തില്‍ 25 റണ്‍സുമാണ് ഇതുവരെ നേടിയത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദ്ദിഖുള്ള അടല്‍, റഹ്‌മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, ഗുല്‍ബദീന്‍ നയീബ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി.
Content Highlight: ICC Champions Trophy 2025: Jofra Archer becomes the fastest England bowler to complete 50 ODI wickets