ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നസീം ഷായുടെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയതോടെയാണ് വിരാട് ചരിത്രമെഴുതിയത്.
ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് വിരാട് മറ്റൊരു ചരിത്ര നേട്ടം തന്റെ പേരിന് നേരെ കുറിച്ചത്. ഏകദിന കരിയറിലെ 157ാം ക്യാച്ചായാണ് വിരാട് നസീം ഷായെ പുറത്താക്കിയത്. മത്സരത്തില്‍ ഖുഷ്ദില്‍ ഷായുടെ ക്യാച്ചും വിരാട് സ്വന്തമാക്കിയിരുന്നു.
ഈ മത്സരത്തിന് മുമ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്ന വിരാട് ഇപ്പോള്‍ അസറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ നേടുന്ന ഇന്ത്യന്‍ താരം (നോണ്‍ വിക്കറ്റ് കീപ്പര്‍മാര്‍)
(താരം – ക്യാച്ച് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 158*
മുഹമ്മദ് അസറുദ്ദീന്‍ – 156
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 140
രാഹുല്‍ ദ്രാവിഡ് – 126
സുരേഷ് റെയ്‌ന – 102
ഇതിനൊപ്പം ഏകദിന ചരിത്രത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാനും വിരാടിന് സാധിച്ചു. ഇതിഹാസ താരങ്ങളായ മഹേല ജയവര്‍ധനെയും റിക്കി പോണ്ടിങ്ങുമാണ് നിലവില്‍ വിരാടിന് മുമ്പിലുള്ളത്.
ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടിയ താരങ്ങള്‍
(താരം – ടീം – ക്യാച്ച് എന്നീ ക്രമത്തില്‍)
മഹേല ജയവര്‍ധനെ – ശ്രീലങ്ക, ഏഷ്യ – 218
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ, ഐ.സി.സി – 160
വിരാട് കോഹ്‌ലി – ഇന്ത്യ – 158*
മുഹമ്മദ് അസറുദ്ദീന്‍ – ഇന്ത്യ – 156
റോസ് ടെയ്‌ലര്‍ – ന്യൂസിലാന്‍ഡ് – 142
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 140
സ്റ്റീഫന്‍ ഫ്‌ളെമിങ് – ന്യൂസിലാന്‍ഡ്, ഐ.സി.സി – 133
അതേസമയം, ഇന്ത്യക്കെതിരെ 242 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്ഥാന്‍ കുറിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് മോശമല്ലാത്ത തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ട പാകിസ്ഥാന്‍ സമ്മര്‍ദത്തിലായി.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 151ലാണ്. റിസ്വാനെ മടക്കി അക്‌സര്‍ പട്ടേലാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 77 പന്തില്‍ 46 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.
അധികം വൈകാതെ സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. 76 പന്തില്‍ 62 റണ്‍സ് നേടി നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് നേടിയത്.
39 പന്തില്‍ 38 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുമായി ഹര്‍ദിക് പാണ്ഡ്യ തിളങ്ങിയപ്പോള്‍ ഹര്‍ഷിത് റാണ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് പാക് താരങ്ങള്‍ റണ്‍ ഔട്ടാവുകയും ചെയ്തു.
Content highlight: ICC Champions Trophy 2025: IND vs PAK: Virat Kohli becomes the leading catch taker in ODI for India