ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ 241 റണ്‍സിന്റെ ടോട്ടലുമായി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗദ് ഷക്കീലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് മോശമല്ലാത്ത തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ട പാകിസ്ഥാന്‍ സമ്മര്‍ദത്തിലായി.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 151ലാണ്. റിസ്വാനെ മടക്കി അക്‌സര്‍ പട്ടേലാണ് ബ്രേക് ത്രൂ സമ്മാനിച്ചത്.
പാകിസ്ഥാന് തുണയായ കൂട്ടുകെട്ട് സ്വന്തമാക്കിയെങ്കിലും വേഗതയില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല, പ്രത്യേകിച്ച് പാക് നായകന്.
77 പന്ത് നേരിട്ട താരം 46 റണ്‍സാണ് നേടിയത്. വെറും മൂന്ന് ബൗണ്ടറികള്‍ മാത്രമാണ് റിസ്വാന് സ്വന്തമാക്കാന്‍ സാധിച്ചത്. 59.74 ശരാശരിയിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഇതോടെ ഒരു മോശം റെക്കോഡും റിസ്വാന്റെ പേരില്‍ കുറിക്കപ്പെട്ടു. ഈ നൂറ്റാണ്ടില്‍ ഒരു പാകിസ്ഥാന്‍ വിക്കറ്റ് കീപ്പറുടെ വേഗം കുറഞ്ഞ ഏകദിന ഇന്നിങ്‌സ് എന്ന അനാവശ്യ നേട്ടമാണ് റിസ്വാന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ഇതേ വര്‍ഷം നടന്ന ട്രൈ നേഷന്‍ സീരിസില്‍ ന്യൂസിലാന്‍ഡിനെതിരെ സ്ഥാപിച്ച സ്വന്തം റെക്കോഡാണ് റിസ്വാന്‍ പഴങ്കഥയാക്കിയത്. ഇപ്പോള്‍ ഈ മോശം റെക്കോഡില്‍ ആദ്യ രണ്ട് സ്ഥാനത്തും റിസ്വാനാണ്.
ഈ നൂറ്റാണ്ടില്‍ ഒരു പാകിസ്ഥാന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്‌സ് (ചുരുങ്ങിയത് 75 പന്തുകള്‍)
(താരം – എതിരാളികള്‍ – സ്‌കോര്‍ – സ്‌ട്രൈക് റേറ്റ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
മുഹമ്മദ് റിസ്വാന്‍ – ഇന്ത്യ – 46 (77) – 59.74 – ദുബായ് – 2025*
മുഹമ്മദ് റിസ്വാന്‍ – ന്യൂസിലാന്‍ഡ് – 46 (76) – 60.52 – കറാച്ചി – 2025
മോയിന്‍ ഖാന്‍ – ന്യൂസിലാന്‍ഡ് – 52 (78) – 66.66 – വെല്ലിങ്ടണ്‍ – 2004
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു പാകിസ്ഥാന്‍ വിക്കറ്റ് കീപ്പറുടെ വേഗത കുറഞ്ഞ ഇന്നിങ്‌സ് കണക്കിലെടുക്കുമ്പോള്‍ മൂന്നാമതാണ് റിസ്വാന്‍.
ഏകദിനത്തില്‍ ഒരു പാകിസ്ഥാന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്‌സ് (ചുരുങ്ങിയത് 75 പന്തുകള്‍)
(താരം – എതിരാളികള്‍ – സ്‌കോര്‍ – സ്‌ട്രൈക് റേറ്റ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
മോയിന്‍ ഖാന്‍ – ന്യൂസിലാന്‍ഡ് – 33* (77) – 48.05 – ഷാര്‍ജ – 1996
ആമിര്‍ മാലിക് – ശ്രീലങ്ക – 69 (116) – 59.48 – പെര്‍ത്ത് – 1989
മുഹമ്മദ് റിസ്വാന്‍ – ഇന്ത്യ – 46 (77) – 59.74 – ദുബായ് – 2025*
റിസ്വാനൊപ്പം ചെറുത്തുനിന്ന സൗദ് ഷക്കീല്‍ 76 പന്തില്‍ 62 റണ്‍സ് നേടി പുറത്തായി. ഇവര്‍ക്ക് പുറമെ 39 പന്തില്‍ 38 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
ഒടുവില്‍ 49.4 ഓവറില്‍ പാകിസ്ഥാന്‍ 241ന് ഓള്‍ ഔട്ടായി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുമായി ഹര്‍ദിക് പാണ്ഡ്യ തിളങ്ങിയപ്പോള്‍ ഹര്‍ഷിത് റാണ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്
Content Highlight: ICC Champions Trophy 2025: IND vs PAK: Mohammed Rizwan set an unwanted record