Champions Trophy
രോഹിത്തിന്റെ പിഴവില്‍ ബംഗ്ലാദേശ് തിരുത്തിയത് ടൂര്‍ണമെന്റിന്റെ ചരിത്രം; കയ്യടിക്കാം ഈ പ്രകടനത്തിന്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 20, 01:38 pm
Thursday, 20th February 2025, 7:08 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് മുമ്പില്‍ 229 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബംഗ്ലാദേശ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ 49.4 ഓവറില്‍ 228 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

സൂപ്പര്‍ താരം തൗഹിദ് ഹൃദോയ്‌യുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 118 പന്ത് നേരിട്ട താരം 100 റണ്‍സാണ് അടിച്ചെടുത്തത്. ആറ് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഹൃദോയ്ക്ക് പുറമെ ജാക്കിര്‍ അലിയും മികച്ച പ്രകടനം കാഴ്ചവെച്ചു. 114 പന്തില്‍ 68 റണ്‍സാണ് അലി സ്വന്തമാക്കിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 154 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ടീം സ്‌കോര്‍ 35ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് 189ലാണ് അവസാനിക്കുന്നത്. അലിയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.

എന്നാല്‍ നേരിട്ട പന്തില്‍ തന്നെ അലിയെ പുറത്താക്കാനുള്ള അവസരം ഇന്ത്യയ്ക്ക് മുമ്പിലുണ്ടായിരുന്നു. എന്നാല്‍ ആ സുവര്‍ണാവസരം ഇന്ത്യ തുലച്ചുകളയുകയായിരുന്നു.

ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ തന്‍സിദ് ഹസനെയും മൂന്നാം പന്തില്‍ മുഷ്ഫിഖര്‍ റഹീമിനെയും മടക്കി അക്‌സര്‍ പട്ടേല്‍ ബംഗ്ലാദേശിന് ഇരട്ട പ്രഹരം നല്‍കിയിരുന്നു. ഹാട്രിക് ലക്ഷ്യമിട്ട് അക്‌സര്‍ പട്ടേല്‍ ഒരുക്കിയ കെണിയില്‍ ജാക്കിര്‍ അലി വീണെങ്കിലും എളുപ്പത്തില്‍ കയ്യിലൊതുക്കാവുന്ന ക്യാച്ച് രോഹിത് ശര്‍മ താഴെയിട്ടു.

ശേഷവും അവസരം ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.

ജീവന്‍ ലഭിച്ച അലി ശ്രദ്ധയോടെ ബാറ്റ് വീശുകയും സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തു.

ഹൃദോയ്‌ക്കൊപ്പം 154 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ താരം ഒരു റെക്കോഡ് നേട്ടത്തിലും ഭാഗമായി.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ആറാം വിക്കറ്റിലോ അതിന് താഴെയോ ഉള്ള ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്. ഈ റെക്കോഡ് നേട്ടം പരിശോധിക്കാം,

(താരങ്ങള്‍ – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

തൗഹിദ് ഹൃദോയ് & ജാക്കിര്‍ അലി – ബംഗ്ലാദേശ് – ഇന്ത്യ – 154 – 2025*

മാര്‍ക് ബൗച്ചര്‍ & ജസ്റ്റിന്‍ കെംപ് – സൗത്ത് ആഫ്രിക്ക – പാകിസ്ഥാന്‍ – 131 – 2006

ക്രിസ് ക്രെയ്ന്‍സ് & ക്രിസ് ഹാരിസ് – ന്യൂസിലാന്‍ഡ് – ഇന്ത്യ – 122 – 2000

രാഹുല്‍ ദ്രാവിഡ് & മുഹമ്മദ് കൈഫ് – ഇന്ത്യ – സിംബാബ് വേ – 117 – 2002

നീല്‍ ഫെയര്‍ബ്രദര്‍ & ആദം ഹോലിയോക് – ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 112 – 1998

മത്സരത്തില്‍ മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റ് നേടി. ഇതിനിടെ ഏകദിനത്തില്‍ 200 വിക്കറ്റ് നേട്ടവും ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ സ്വന്തമാക്കിയിരുന്നു.

ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

 

Content Highlight: ICC  Champions Trophy 2025: IND vs BAN: Towhid Hridoy and Jaker Ali scripted history