|

ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി, ഒരേസമയം ഒന്നാമനും രണ്ടാമനും; ചരിത്രമെഴുതി മുഹമ്മദ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റനെയടക്കം തുടക്കത്തിലേ നഷ്ടപ്പെട്ട ബംഗ്ലാദേശ് മെച്ചപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്.

മത്സരത്തില്‍ തന്റെ മൂന്നാം വിക്കറ്റും നേടിയാണ് സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി തിളങ്ങുന്നത്. ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സൗമ്യ സര്‍ക്കാരിനെ പുറത്താക്കിയ താരം അധികം വൈകാതെ മെഹിദി ഹസന്‍ മിറാസിനെയും പുറത്താക്കി.

ആറാം വിക്കറ്റില്‍ 154 റണ്‍സിന്റെ കൂട്ടുകെട്ടുമായി ബംഗ്ലാ ഇന്നിങ്‌സിനെ കെട്ടിപ്പൊക്കിയ ജാക്കിര്‍ അലിയെയും ഷമി മടക്കി. 114 പന്തില്‍ 68 റണ്‍സുമായി നില്‍ക്കവെ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

ജാക്കിര്‍ അലിയെയും മടക്കിയതോടെ ഏകദിന കരിയറില്‍ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും ഷമിക്ക് സാധിച്ചു. ഈ നേട്ടത്തിലെത്തുന്ന എട്ടാമത് ഇന്ത്യന്‍ താരമാണ് ഷമി.

അനില്‍ കുംബ്ലെ (334), ജവഗല്‍ ശ്രീനാഥ് (315), അജിത് അഗാര്‍ക്കര്‍ (288), സഹീര്‍ ഖാന്‍ (269), ഹര്‍ഭജന്‍ സിങ് (265), അനില്‍ കുംബ്ലെ (253), രവീന്ദ്ര ജഡേജ (226) എന്നിലരാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ 200 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍.

തന്റെ 104ാം മത്സരത്തിലാണ് ഷമി വിക്കറ്റ് വേട്ടയില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വേഗത്തില്‍ ഈ റെക്കോഡിലെത്തുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഷമിയിപ്പോള്‍. 102ാം മത്സരത്തില്‍ 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാമന്‍.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കിയ താരം (കളിച്ച മത്സരത്തിന്റെ അടിസ്ഥാനത്തില്‍)

(താരം – ടീം – മത്സരം എന്നീ ക്രമത്തില്‍)

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 102

മുഹമ്മദ് ഷമി – ഇന്ത്യ – 104*

സാഖ്‌ലൈന്‍ മുഷ്താഖ് – പാകിസ്ഥാന്‍ – 104

ട്രെന്റ് ബോള്‍ട്ട് – ന്യൂസിലാന്‍ഡ് – 107

ബ്രെറ്റ് ലീ – ഓസ്‌ട്രേലിയ – 112

അലന്‍ ഡൊണാള്‍ഡ് – സൗത്ത് ആഫ്രിക്ക – 117

കളിച്ച മത്സരങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടാമനാണെങ്കിലും എറിഞ്ഞ പന്തുകള്‍ കണക്കിലെടുക്കുമ്പോള്‍ സ്റ്റാര്‍ക്കിനെ മറിറികടന്ന് ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കിയ താരം (എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍)

(താരം – ടീം – പന്തുകള്‍ എന്നീ ക്രമത്തില്‍)

മുഹമ്മദ് ഷമി – ഇന്ത്യ – 5,126

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 5,240

സാഖ്‌ലൈന്‍ മുഷ്താഖ് – പാകിസ്ഥാന്‍ – 5,457

ബ്രെറ്റ് ലീ – ഓസ്‌ട്രേലിയ – 5,640

വഖാര്‍ യൂനിസ് – പാകിസ്ഥാന്‍ – 5,883

അതേസമയം, മത്സരം തുടരവെ മറ്റൊരു വിക്കറ്റുമായി ഷമി തന്റെ ഫോര്‍ഫറും പൂര്‍ത്തിയാക്കി. തന്‍സിം ഹസന്‍ സാകിബിനെ പൂജ്യത്തിന് പുറത്താക്കിയാണ് ഷമി തന്റെ നാല് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.

Content Highlight: ICC Champions Trophy 2025: IND vs BAN: Mohammed Shami completed 200 ODI wickets

Video Stories