Champions Trophy
പാകിസ്ഥാനില്‍ ക്രിക്കറ്റ് നശിക്കാനുള്ള പ്രധാന കാരണം അത്; രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 26, 09:20 am
Wednesday, 26th February 2025, 2:50 pm

ചാമ്പ്യന്‍സ് ട്രോഫിയിലെ പാകിസ്ഥാനിന്റെ മോശം പ്രകടനത്തില്‍ അതൃപ്തി അറിയിച്ച് മുന്‍ പാക് നായകനും പാകിസ്ഥാന്‍ ഇതിഹാസ താരവുമായ ഇമ്രാന്‍ ഖാന്‍. ജയിലില്‍ നിന്നുമാണ് പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായിരുന്ന ഇമ്രാന്‍ ഖാന്‍ ടീമിനെതിരെ വിമര്‍ശനമുന്നയിച്ചത്. സഹോദരി അലീമ ഖാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഇന്ത്യയോടും ന്യൂസിലാന്‍ഡിനോടുമുള്ള തോല്‍വികള്‍ക്കു പിന്നാലെ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

 

‘ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ പരാജയപ്പെട്ടതില്‍ പി.ടി.ഐ (പാകിസ്ഥാന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ്) സ്ഥാപകന്‍ വലിയ സങ്കടത്തിലാണ്,’ ഇമ്രാനെ കണ്ട ശേഷം റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് മാധ്യമങ്ങളോട് അലീമ പറഞ്ഞു.

1992 ലോകകപ്പില്‍ പാകിസ്ഥാനെ ചാമ്പ്യന്‍മാരാക്കിയ മുന്‍ നായകന്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയുടെ യോഗ്യതയെ ചോദ്യം ചെയ്തതായും അലീമ പറഞ്ഞു.

ഇമ്രാന്‍ ഖാന്‍

‘ഇഷ്ടക്കാരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് കൊണ്ടുവന്നാല്‍ പതിയെ പതിയെ പാകിസ്ഥാനില്‍ ക്രിക്കറ്റ് നശിക്കുമെന്ന് അദ്ദേഹം പറഞ്ഞു,’ ഇമ്രാന്റെ വാക്കുകള്‍ ഉദ്ധരിച്ച് അലീമ ഖാന്‍ പറഞ്ഞു.

അതേസമയം, പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയില്‍ ഇമ്രാന്‍ ഖാനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ പി.സി.ബി ചെയര്‍മാന്‍ നജാം സേഥി രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തില്‍ രാജ്യമൊന്നാകെ നിരാശയിലാണമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വിമര്‍ശനമുന്നയിക്കുന്നത്.

2019ല്‍ പുതിയ പ്രധാനമന്ത്രിയുടെ കീഴില്‍ പുതിയ മാനേജ്‌മെന്റ് പ്രാദേശിക ക്രിക്കറ്റിന്റെ ഘടന മാറ്റിമറിച്ചെന്നും, ഈ സാഹചര്യങ്ങള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഓസ്‌ട്രേലിയന്‍ ഹൈബ്രിഡ് മോഡല്‍ കൊണ്ടുവന്നതോടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ച ആരംഭിച്ചത് എന്നും സേഥി കുറ്റപ്പെടുത്തി.

ഇക്കാലയളവിലാണ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍ എഹ്‌സാന്‍ മണിയെ പി.സി.ബി ചെയര്‍മാനായി നിയമിച്ചത്.

‘ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപടലുകള്‍ തുടര്‍ന്നുമുണ്ടായി. പരസ്പരവിരുദ്ധമായ പദ്ധതികള്‍ കൊണ്ടുവരുകയും വിദേശ കോച്ചുകളെ നിയമിക്കുകയും ചെയ്തു. വിചിത്രമായ രീതിയില്‍ സെലക്ടര്‍മാരെ നിയമിച്ചു.

പുറത്താക്കപ്പെട്ട പഴയ സെലക്ടര്‍മാരെ മെന്റര്‍മാരായും മാനേജരായും നിയമിച്ചു. ഒടുവില്‍ കളിക്കാരുടെ ഇടയില്‍ പ്രശ്‌നങ്ങളുണ്ടായി. അതിന്റെ ഭയാനകമായ ഫലം നമ്മുടെ മുന്നിലുണ്ട്.’ സേഥി എക്‌സ് പോസ്റ്റില്‍ എഴുതി.

പാക് ക്രിക്കറ്റിലെ പ്രശ്‌നങ്ങളുടെ സ്വഭാവം എല്ലാവരും തിരിച്ചറികയും സമഗ്രത, അനുഭവം, അറിവ്, പ്രൊഫഷണലിസം എന്നിവ ഏകോപിപ്പിച്ചാല്‍ പാകിസ്ഥാന് പഴയ പ്രതാപം തിരിച്ചു പിടിക്കാനാവുമെന്നും സേഥി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

Content Highlight: ICC Champions Trophy 2025: Imran Khan slams PCB