ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്വപ്‌നതുല്യമായ തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ബംഗ്ലാ ഇന്നിങ്‌സിന്റെ ആദ്യ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ എന്നിവരെ പൂജ്യത്തിന് മടക്കിയാണ് ഇന്ത്യ തുടങ്ങിയത്.
ആദ്യ ഓവറില്‍ സൗമ്യ സര്‍ക്കാറിനെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ രണ്ടാം ഓവറില്‍ ഹര്‍ഷിത് റാണ ഷാന്റോയെയും മടക്കി. അധികം വൈകാതെ ഷമി മെഹിദി ഹസന്‍ മിറാസിനെയും പുറത്താക്കി.
ഒമ്പതാം ഓവറിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അക്‌സര്‍ പട്ടേലിനെ പന്തേല്‍പ്പിക്കുന്നത്. ഓവറിലെ രണ്ടാം പന്തില്‍ ക്രീസില്‍ നിലയുറപ്പിച്ച തന്‍സിദ് ഹസനെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് പട്ടേല്‍ വിക്കറ്റ് വേട്ട ആരംഭിച്ചു.
തൊട്ടടുത്ത പന്തില്‍ ബംഗ്ലാദേശിന്റെ നെറുകയില്‍ പ്രഹരമേല്‍പ്പിച്ച് അക്‌സര്‍ പട്ടേല്‍ രണ്ടാം വിക്കറ്റും സ്വന്തമാക്കി. പരിചയ സമ്പന്നനായ മുഷ്ഫിഖര്‍ റഹീമിനെയും പട്ടേല്‍ പുറത്താക്കി. രാഹുലിന്റെ ചോരാത്ത കൈകള്‍ തന്നെയാണ് ഇത്തവണയും പുറത്താകലിന് വഴിയൊരുക്കിയത്.
ഇതോടെ പട്ടേലിന് ഹാട്രിക്കിനും അവസരമൊരുങ്ങി. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ജാക്കിര്‍ അലിക്കെതിരെയും പട്ടേല്‍ തന്റെ സ്പിന്‍ മാജിക് പ്രകടമാക്കി. എന്നാല്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത രോഹിത് ശര്‍മയ്ക്ക് ആ ക്യാച്ചെടുക്കാന്‍ സാധിച്ചില്ല.
അനായാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ആ ക്യാച്ച് ഇന്ത്യന്‍ നായകന്‍ താഴെയിടുകയായിരുന്നു. ആ ഡ്രോപ് ക്യാച്ചിന് പിന്നാലെ നിരാശരായ അക്‌സര്‍ പട്ടേലും രോഹിത് ശര്‍മയുമായിരുന്നു ഗ്രൗണ്ടിലെ പ്രധാന കാഴ്ച.
ഒരുപക്ഷേ രോഹിത് ശര്‍മയ്ക്ക് ആ ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പല ചരിത്ര നേട്ടങ്ങളും അക്‌സര്‍ പട്ടേലിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.
ഐ.സി.സി ഏകദിന ടൂര്‍ണമെന്റില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടമായിരുന്നു ഇതില്‍ ആദ്യത്തേത്. ഇതിന് പുറമെ ഐ.സി.സി ഇവന്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നര്‍ എന്ന നേട്ടവും താരത്തിന് സ്വന്തമാകുമായിരുന്നു.
ജെറോം ടെയ്‌ലറിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ അക്‌സര്‍ പട്ടേലിന് നഷ്ടമായി. 2006ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ടെയ്‌ലര്‍ ഹാട്രിക് നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏക ഹാട്രിക് നേട്ടമാണിത്.
ഇതിനൊപ്പം ഏകദിന ഫോര്‍മാറ്റില്‍ ഹാട്രിക് നേടുന്ന രണ്ടാം ഇന്ത്യന്‍ സ്പിന്നര്‍ എന്ന നേട്ടവും അക്‌സര്‍ പട്ടേലിന് സ്വന്തമാകുമായിരുന്നു. കുല്‍ദീപ് യാദവ് മാത്രമാണ് ഇതുവരെ ഏകദിനത്തില്‍ ഹാട്രിക് നേടിയ ഇന്ത്യന്‍ സ്പിന്നര്‍.
അതേസമയം, ജീവന്‍ തിരിച്ചുകിട്ടിയ ജാക്കിര്‍ അലി തൗഹിദ് ഹൃദോയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയാണ്. നിലവില്‍ 29 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 103 എന്ന നിലയിലാണ് കടുവകള്‍.
ജാകിര്‍ അലി 70 പന്തില്‍ 34 റണ്‍സുമായും ഹൃദോയ് 62 പന്തില്‍ 34 റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.
ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍
തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, ജാകിര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാക്കിബ്, താസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
Content Highlight: ICC Champions Trophy 2025: If Rohit Sharma didn’t dropped the catch, Axar Patel would achieve several records