ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ദുബായില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ വളരെ പതുക്കെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.
ആദ്യ വിക്കറ്റില്‍ 41 റണ്‍സാണ് ഓപ്പണര്‍മാരായ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും പടുത്തുയര്‍ത്തിയത്. മോശമല്ലാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെ ബാബറിനെ മടക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ഇമാം ഉള്‍ ഹഖിന്റെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി.
പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലാണ് ബാബറിന്റെ വിക്കറ്റ് പാകിസ്ഥാന് നഷ്ടമാകുന്നത്. ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
26 പന്തില്‍ അഞ്ച് ബൗണ്ടറികളടക്കം 23 റണ്‍സാണ് ബാബര്‍ നേടിയത്.
ബാബറിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റില്‍ ഹര്‍ദിക് തന്റെ ആധിപത്യം തുടരുകയാണ്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളര്‍ എന്ന നേട്ടത്തിലാണ് ഹര്‍ദിക് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
14 തവണയാണ് ഐ.സി.സി ഇവന്റുകളില്‍ പാക് താരങ്ങളെ മടക്കിയത്. 11 ഡിസ്മിസ്സലുകളുമായി ഓസീസ് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പട്ടികയില്‍ രണ്ടാമന്‍.
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം പാക് വിക്കറ്റുകള്‍ സ്വന്തമാക്കിയ ബൗളര്‍
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 14*
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 11
ആശിഷ് നെഹ്‌റ – ഇന്ത്യ – 10
രവീന്ദ്ര ജഡേജ – ഇന്ത്യ – 9
ഇര്‍ഫാന്‍ പത്താന്‍ – ഇന്ത്യ – 9
കോര്‍ട്‌നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – 9
അതേസമയം, മത്സരത്തിന്റെ 26ാം ഓവറില്‍ പാകിസ്ഥാന്‍ നൂറ് റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്റെയും സൗദ് ഷക്കീലിന്റെയും ചെറുത്തുനില്‍പ്പിലാണ് പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്.
നിലവില്‍ 27 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ്, 58 പന്തില്‍ 32 റണ്‍സുമായി മുഹമ്മദ് റിസ്വാനും 52 പന്തില്‍ 38 റണ്‍സുമായി ഷക്കീലും ക്രീസില്‍ തുടരുകയാണ്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്
Content Highlight: ICC Champions Trophy 2025: Hardik Pandya tops the list of most wickets vs Pakistan in ICC matches