|

ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും; എന്ത് ചെയ്യാനാകും, നിരാശയുടെ റെക്കോഡില്‍ രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ഇന്ത്യ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും സെമി ഫൈനലും കളിച്ച അതേ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിനും വേദിയാകുന്നത്.

ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് കിവീസ് ഫൈനലിന് ടിക്കറ്റെടുത്തത്.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ച്ചയായ 15ാം മത്സരത്തിലാണ് ഇന്ത്യയ്ക്ക് ഏകദിനത്തില്‍ ടോസ് നഷ്ടപ്പെടുന്നത്. 2023 ലോകകപ്പ് ഫൈനലില്‍ ടോസ് പരാജയപ്പെട്ട് തുടങ്ങിയ ഇന്ത്യ ശേഷം നടന്ന ബൈലാറ്ററല്‍ സീരീസുകളിലും ചാമ്പ്യന്‍സ് ട്രോഫിയിലെ എല്ലാ മത്സരത്തില്‍ ടോസ് പരാജയപ്പെടുന്നത് പതിവായി. ഇന്ത്യ 15 തവണ ടോസ് പരാജയപ്പെട്ടപ്പോഴും അതില്‍ 12 മത്സരത്തിലും രോഹിത് ശര്‍മയായിരുന്നു നായകന്‍.

ഇതോടെ ഒരു അനാവശ്യ നേട്ടത്തിലും രോഹിത്തിന്റെ പേര് ഒന്നാമതെത്തി. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെടുന്ന ക്യാപ്റ്റനായാണ് രോഹിത് ശര്‍മ മാറിയത്. ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ഹിറ്റ്മാന്‍.

ഏകദിനത്തില്‍ തുടര്‍ച്ചയായി ഏറ്റവുമധികം തവണ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റന്‍മാര്‍

(താരം – ടീം – നഷ്ടപ്പെട്ട ടോസ് – സ്പാന്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 12* – 2023-2025

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 12 – 1998-1999

പീറ്റര്‍ ബോറെന്‍ – നെതര്‍ലന്‍ഡ്‌സ് – 11 – 2011-2013

അതേസമയം, ടോസ് നേടി ബാറ്റിങ് ആരംഭിച്ച കിവീസിന് മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. കുല്‍ദീപ് യാദവിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായി മടങ്ങിയ കെയ്ന്‍ വില്യംസണെയാണ് കിവികള്ക്ക് നഷ്ടമായത്. 14 പന്തില്‍ 11 റണ്‍സാണ് വില്യംസണ്‍ സ്വന്തമാക്കിയത്.

പവര്‍പ്ലേയ്ക്ക് ശേഷമെറിഞ്ഞ ആദ്യ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയെ മടക്കി കുല്‍ദീപ് യാദവ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചിരുന്നു. 29 പന്തില്‍ 37 റണ്‍സ് നേടി നില്‍ക്കവെയാണ് കുല്‍ദീപിന് വിക്കറ്റ് സമ്മാനിച്ച് രചിന്‍ മടങ്ങിയത്.

നേരത്തെ വില്‍ യങ്ങിന്റെ (23 പന്തില്‍ 15) വിക്കറ്റും ടീമിന് നഷ്ടമായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയാണ് വിക്കറ്റ് നേടിയത്.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 11 പന്തില്‍ നാല് റണ്‍സുമായി ഡാരില്‍ മിച്ചലും ഒരു പന്തില്‍ ഒരു റണ്ണുമായി ടോം ലാഥവുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്, കൈല്‍ ജാമൈസണ്‍, വില്‍ ഒ റൂര്‍ക്.

Content Highlight: ICC Champions Trophy 2025: Final: IND vs NZ: Rohit Sharma tops the list of most consecutive Tosses lost by a captain in ODI