ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ഇന്ത്യ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും സെമി ഫൈനലും കളിച്ച അതേ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിനും വേദിയാകുന്നത്.
ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് കിവീസ് ഫൈനലിന് ടിക്കറ്റെടുത്തത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 251/7 എന്ന നിലയിലാണ് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രേസ്വെല്ലിന്റെയും ഡാരില്‍ മിച്ചലിന്റെയും കരുത്തിലാണ് കിവികള്‍ മോശമല്ലാത്ത സ്‌കോറിലെത്തിയത്.
Innings Break!
Clinical bowling effort from #TeamIndia bowlers as they restrict New Zealand to a total of 251/7 in the Finals of the Champions Trophy!
റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞാണ് സ്പിന്നര്‍മാര്‍ തിളങ്ങിയത്. രവീന്ദ്ര ജഡേജയായിരുന്നു ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ പിശുക്കന്‍. പത്ത് ഓവര്‍ പന്തെറിഞ്ഞ താരം വെറും 30 റണ്‍സ് മാത്രമാണ് വഴങ്ങിയത്. എക്കോണമി 3.00 മാത്രം. ഇതിനൊപ്പം അപകടകാരിയായ ടോം ലാഥമിനെ പുറത്താക്കാനും ജഡ്ഡുവിന് സാധിച്ചു.
റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ഐ.സി.സി ഏകദിന നോക്ക്ഔട്ടില്‍ ഇന്ത്യയ്ക്കായി ഏറ്റവും എക്കോണമിക്കായി പന്തെറിഞ്ഞ അഞ്ചാമത് ബൗളര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
ഐ.സി.സി ഏകദിന നോക്ക്ഔട്ട് മത്സരങ്ങളില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച എക്കോണമി (ചുരുങ്ങിയത് പത്ത് ഓവര്‍)
(താരം – എതിരാളികള്‍ – വഴങ്ങിയ റണ്‍സ് – എക്കോണമി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
കപില്‍ ദേവ് – വെസ്റ്റ് ഇന്‍ഡീസ് – 21 – 1.9 – ലോര്‍ഡ്‌സ് – 1983
മത്സരത്തില്‍ മികച്ച തുടക്കമാണ് ന്യൂസിലാന്‍ഡിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഓപ്പണര്‍മാര്‍ തിളങ്ങിയത്. ഇതിന് മുമ്പ് തന്നെ കൂട്ടുകെട്ട് പൊളിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും ഇന്ത്യയ്ക്ക് അത് മുതലാക്കാന്‍ സാധിച്ചിരുന്നില്ല.
ടീം സ്‌കോര്‍ 57ല്‍ നില്‍ക്കവെ വില്‍ യങ്ങിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയ്ക്കാവശ്യമയ ബ്രേക് ത്രൂ സമ്മാനിച്ചത്. 23 പന്തില്‍ 15 റണ്‍സുമായി താരം മടങ്ങി.
പവര്‍പ്ലേ അവസാനിച്ച അടുത്ത പന്തില്‍ തന്നെ സെമി ഫൈനലിലെ സെഞ്ചൂറിയന്‍ രചിന്‍ രവീന്ദ്രയെ മടക്കി കുല്‍ദീപ് യാദവ് ന്യൂസിലാന്‍ഡിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 29 പന്തില്‍ 37 റണ്‍സുമായി നില്‍ക്കവെ ബൗള്‍ഡായാണ് രചിന്‍ പുറത്തായത്.
തന്റെ അടുത്ത ഓവറിലും കുല്‍ദീപ് മാജിക്കിന് ദുബായ് സാക്ഷിയായി. സെമിയില്‍ കിവികള്‍ക്കായി സെഞ്ച്വറി നേടിയ രണ്ടാമന്‍ കെയ്ന്‍ വില്യംസണെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി കുല്‍ദീപ് ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തി.
എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ ഒരു വശത്ത് ഉറച്ചുനിന്നു. ഏഴാം നമ്പറിലിറങ്ങിയ മൈക്കല്‍ ബ്രേസ്വെല്ലിനെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ആറാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും കിവികളെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി.
ടീം സ്‌കോര്‍ 211ല്‍ നില്‍ക്കവെ മിച്ചലിനെ മടക്കി ഷമി കൂട്ടുകെട്ട് പൊളിച്ചു. മിച്ചല്‍ പുറത്തായതോടെ ബ്രേസ്വെല്‍ ആക്രമണത്തിന്റെ ചുമതലയേറ്റെടുത്തു. നേരിട്ട പന്തുകള്‍ റണ്ണാക്കി മാറ്റി താരം ന്യൂസിലാന്‍ഡിനെ 250 കടത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 251 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 40 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും നേടി തിളങ്ങി.