Champions Trophy
'നോമ്പെടുക്കാത്ത നീ മുസ്‌ലിമോ?', 'ഇത്ര നാള്‍ രാജ്യദ്രോഹിയായിരുന്നവന്‍ ഇന്ന് രാജ്യസ്‌നേഹി'; രണ്ട് വിഭാഗങ്ങള്‍ക്കും മറുപടിയുമായി സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 04, 03:37 pm
Tuesday, 4th March 2025, 9:07 pm

ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ മുഹമ്മദ് ഷമി എനര്‍ജി ഡ്രിങ്ക് കുടിച്ചത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പ് എടുക്കാതെ വെള്ളം കുടിച്ചതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

റമദാന്‍ മാസത്തില്‍ ഒരു മുസ്‌ലിം നോമ്പെടുക്കണമെന്നും ഈ പ്രവൃത്തിയില്‍ താരം മാപ്പുപറയണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് തീവ്രചിന്താഗതിക്കാരായ ചിലര്‍ രംഗത്തെത്തിയത്. മുമ്പ് നോമ്പെടുത്തുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച ഹാഷിം അംലയെ ഓര്‍മിപ്പിക്കാനും ഇവര്‍ മറന്നില്ല.

എന്നാല്‍ ഈ വിഷയത്തില്‍ ഷമിയെ പിന്തുണച്ചുകൊണ്ട് ആരാധകരെത്തുന്നുണ്ട്. അന്ന് ഹാഷിം അംല നോമ്പെടുത്തിരുന്നില്ല എന്നടക്കം പറഞ്ഞുകൊണ്ടാണ് ഷമിയെ വിമര്‍ശിച്ചവര്‍ക്ക് സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നത്.

അതേസമയം, ഈ വിഷയത്തില്‍ പ്രതികരണവുമായി ചില തീവ്ര വലതുപക്ഷ ഹാന്‍ഡിലുകളും രംഗത്തെത്തിയിരുന്നു. ഷമിക്ക് സ്വന്തം മതത്തേക്കാള്‍ വലുത് രാജ്യമാണെന്നായിരുന്നു ഇത്തരക്കാരുടെ പോസ്റ്റിന്റെ പൊതുസ്വഭാവം.

ഇവര്‍ക്കെതിരെയും സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഇത്ര നാള്‍ ഷമിയുടെ മതം ചികഞ്ഞവര്‍ ഇന്ന് ഷമിയെ പിന്തുണച്ച് രംഗത്തെത്തിയെന്നും ഇവര്‍ എപ്പോഴാണ് നന്നാവുക എന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത്ര നാള്‍ നിങ്ങള്‍ രാജ്യദ്രോഹിയെന്ന് വിളിച്ചവന്‍ ഇത്ര പെട്ടെന്ന് രാജ്യസ്‌നേഹിയായോ എന്ന് ചോദിക്കുന്നവരും കുറവല്ല.

അതേസമയം, മികച്ച പ്രകടനമാണ് ഷമി പുറത്തെടുത്തത്. പത്ത് ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കനോലിയെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് വേട്ട തുടങ്ങിയ ഷമി സ്റ്റീവ് സ്മിത്തിനെയും നഥാന്‍ എല്ലിസിനെയുമാണ് പുറത്താക്കിയത്.

ഓസീസിനെതിരായ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനും മുഹമ്മദ് ഷമിക്ക് സാധിച്ചു. ഐ.സി.സി 50 ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയാണ് ഷമി കരുത്ത് കാട്ടിയത്. ടോപ് ഫൈവിലെ ഏക ഇന്ത്യന്‍ താരവും ഷമി മാത്രമാണ്.

പാക് ഇതിഹാസം വസീം അക്രമിനെ മറികടന്നാണ് ഷമി അഞ്ചാം സ്ഥാനത്തെത്തിയത്.

ഐ.സി.സി 50 ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഗ്ലെന്‍ മഗ്രാത് – ഓസ്ട്രേലിയ – 92

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 92

ലസിത് മലിംഗ – ശ്രീലങ്ക – 81

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്ട്രേലിയ – 71

ചാമിന്ദ വാസ് – ശ്രീലങ്ക – 67

മുഹമ്മദ് ഷമി – ഇന്ത്യ – 63*

വസീം അക്രം – പാകിസ്ഥാന്‍ – 62

മത്സരത്തില്‍ ഷമിക്കൊപ്പം മറ്റ് ഇന്ത്യന്‍ താരങ്ങളും മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അക്സര്‍ പട്ടേലും ഹര്‍ദിക് പാണ്ഡ്യയും ഒരോ വിക്കറ്റ് വീതവും നേടി. റണ്‍ ഔട്ടായാണ് അലക്സ് കാരി പുറത്തായത്.

 

 

Content Highlight: ICC Champions Trophy 2025: Fans backs Mohammed Shami after cyber attack