Champions Trophy
ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍; ഒറ്റ പോയിന്റ് പോലുമില്ലാതെ ബട്‌ലറിനെ യാത്രയാക്കി സൗത്ത് ആഫ്രിക്ക
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 01, 03:08 pm
Saturday, 1st March 2025, 8:38 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി സൗത്ത് ആഫ്രിക്ക. നാഷണല്‍ സ്റ്റേഡിയം കറാച്ചിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം 185 പന്ത് ശേഷിക്കെ പ്രോട്ടിയാസ് മറികടക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ബി-യില്‍ നിന്നും ചാമ്പ്യന്‍മാരായി സെമിയില്‍ പ്രവേശിക്കാനും സൗത്ത് ആഫ്രിക്കയ്ക്കായി.

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് വിജയത്തോടെ അഞ്ച് പോയിന്റോടെയാണ് സൗത്ത് ആഫ്രിക്ക ഒന്നാമതെത്തിയത്. നാല് പോയിന്റുള്ള ഓസ്‌ട്രേലിയയാണ് രണ്ടാമത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യം ബാറ്റ് ചെയ്ത് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താമെന്ന ഇംഗ്ലീഷ് മോഹങ്ങളെ പാടെ തകര്‍ത്തെറിഞ്ഞ് പ്രോട്ടിയാസ് ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ 2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും മോശം ടോട്ടലാണ് ഇംഗ്ലണ്ടിന്റെ പേരില്‍ പിറവിയെടുത്തത്.

179 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് സ്വന്തമാക്കാന്‍ സാധിച്ചത്. 44 പന്തില്‍ 37 റണ്‍സ് നേടിയ ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. 31 പന്തില്‍ 25 റണ്‍സടിച്ച ജോഫ്രാ ആര്‍ച്ചറും 21 പന്തില്‍ 24 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റുമാണ് ചെറുത്തുനിന്ന മറ്റ് താരങ്ങള്‍.

ക്യാപ്റ്റന്റെ റോളില്‍ അവസാന മത്സരം കളിച്ച ജോസ് ബട്‌ലര്‍ 43 പന്തില്‍ 21 റണ്‍സ് നേടി മടങ്ങി.

സൗത്ത് ആഫ്രിക്കയ്ക്കായി വിയാന്‍ മുള്‍ഡറും മാര്‍കോ യാന്‍സെനും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ലുങ്കി എന്‍ഗിഡിയും കഗിസോ റബാദയുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. അഞ്ച് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് സ്റ്റബ്‌സ് പുറത്തായത്.

പിന്നാലെയെത്തിയ റാസി വാന്‍ ഡെര്‍ ഡസന്‍ റിയാന്‍ റിക്കല്‍ടണെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം ആയുസുണ്ടായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡില്‍ 47 റണ്‍സ് പിറന്നപ്പോഴേക്കും റിക്കല്‍ടണും പുറത്തായി. 25 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്.

നാലാം നമ്പറില്‍ ഹെന്‌റിക് ക്ലാസന്‍ ക്രീസിലെത്തിയതോടെ ഇംഗ്ലണ്ടിന് മത്സരം കൈവിട്ടുതുടങ്ങി. വാന്‍ ഡെര്‍ ഡസനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ക്ലാസന്‍ ടീമിന് കരുത്തായി.

വിജയത്തിന് എട്ട് റണ്‍സകലെ നില്‍ക്കവെ ക്ലാസന്റെ വിക്കറ്റും പ്രോട്ടിയാസിന് നഷ്ടമായി. 56 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്.

ക്ലാസന്‍ പുറത്തായി മൂന്നാം പന്തില്‍ തന്നെ പ്രോട്ടിയാസ് വിജയവും സ്വന്തമാക്കി. വാന്‍ ഡെര്‍ ഡസന്‍ 87 പന്തില്‍ പുറത്താകതെ 72 റണ്‍സടിച്ചപ്പോള്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ് റണ്‍സടിച്ച് ഡേവിഡ് മില്ലറും കരുത്തായി.

ജോഫ്രാ ആര്‍ച്ചര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് ഒരു വിക്കറ്റും സ്വന്തമാക്കി.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒറ്റ മത്സരം പോലും വിജയിക്കാതെയാണ് ഇംഗ്ലണ്ട് പുറത്താകുന്നത്. ഒരു പോയിന്റ് പോലും ടീമിന് സ്വന്തമാക്കാനും സാധിച്ചിരുന്നില്ല.

 

Content Highlight: ICC Champions Trophy 2025: ENG vs SA: South Africa defeated England