Champions Trophy
സെമിയിലെത്താന്‍ ഇംഗ്ലണ്ട് കനിയണം; തോല്‍പ്പിച്ചവരുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ച് അഫ്ഗാന്‍; കാര്യങ്ങള്‍ എളുപ്പമല്ല
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 01, 09:02 am
Saturday, 1st March 2025, 2:32 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി-യിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സെമി ഫൈനല്‍ ലക്ഷ്യമിടുന്ന സൗത്ത് ആഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ഇംഗ്ലണ്ടിനെ നേരിടും.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഏകദിന ക്യാപ്റ്റന്റെ റോളില്‍ ബട്‌ലറിന്റെ അവസാന മത്സരമാണിത്. തുടര്‍ പരാജയങ്ങള്‍ക്കും ഇംഗ്ലണ്ടിന്റെ പുറത്താകലിനും പിന്നാലെ കഴിഞ്ഞ ദിവസം ബട്‌ലര്‍ ഏകദിന ക്യാപ്റ്റന്‍സി രാജി വെച്ചിരുന്നു.

 

നിലവില്‍ ഗ്രൂപ്പ് ബി-യില്‍ നിന്നും ഓസ്‌ട്രേലിയ മാത്രമാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. ഈ മത്സരത്തിന്റെ ജയപരാജയങ്ങള്‍ കണക്കിലെടുത്താണ് ഗ്രൂപ്പ് ബി-യില്‍ നിന്നുള്ള രണ്ടാം സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത്.

ഈ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുകയോ മത്സരം ഉപേക്ഷിക്കുകയോ ചെയ്താല്‍ പ്രോട്ടിയാസ് സെമി ഫൈനലില്‍ പ്രവേശിക്കും. എന്നാല്‍ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുകയാണെങ്കില്‍ അഫ്ഗാനിസ്ഥാനാകും സാധ്യത.

നിലവില്‍ -0.990 എന്ന നെറ്റ് റണ്‍ റേറ്റാണ് അഫ്ഗാനിസ്ഥാനുള്ളത്. സൗത്ത് ആഫ്രിക്കയ്ക്കാകട്ടെ +2.140 എന്ന മികച്ച റണ്‍ റേറ്റും. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഈ നെറ്റ് റണ്‍ റേറ്റ് മറികടക്കുന്ന രീതിയിലുള്ള വിജയമായിരിക്കണം ഇംഗ്ലണ്ട് നേടേണ്ടത്.

കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ – അഫ്ഗാനിസ്ഥാന്‍ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചതോടെയാണ് ഗ്രൂപ്പ് ബി-യില്‍ പുതിയ സാഹചര്യങ്ങള്‍ ഉടലെടുത്തത്. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സെമിയില്‍ കയറാന്‍ സാധ്യതയുണ്ടെന്നിരിക്കെയാണ് മത്സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടത്.

ഇതോടെ ഓസ്‌ട്രേലിയക്ക് മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റും അഫ്ഗാനിസ്ഥാന് മൂന്ന് മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റുമാണുള്ളത്. രണ്ട് മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റുള്ള സൗത്ത് ആഫ്രിക്ക സെമി ഫൈനല്‍ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

അതേസമയം, ക്യാപ്റ്റന്റെ റോളിലെ അവസാന മത്സരം വിജയിക്കുക എന്ന ലക്ഷ്യമാകും ബട്‌ലറിനുണ്ടാവുക.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റിയാന്‍ റിക്കല്‍ടണ്‍, റാസി വാന്‍ ഡെര്‍ ഡസന്‍, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി.

Content highlight: ICC Champions Trophy 2025: ENG vs SA: England won the toss and elect to bat first