|

വെറും ഒറ്റ റണ്ണിന് നഷ്ടപ്പെട്ടത് ഒന്നാം സ്ഥാനം; റൂട്ടേ... ഡക്കറ്റേ... ആര്‍ക്കെങ്കിലും ആ റണ്‍ എടുക്കാമായിരുന്നില്ലേ

സ്പോര്‍ട്സ് ഡെസ്‌ക്

ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് റൈവല്‍റികളിലൊന്നിനാണ് ഗദ്ദാഫി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഈ ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ കൊമ്പുകോര്‍ക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നടന്നടുക്കുകയാണ്. ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയുടെയും മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ട് നേടിയ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച രീയില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്.

മൂന്നാം വിക്കറ്റില്‍ 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടീം സ്‌കോര്‍ 43ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 201ലാണ്. ജോ റൂട്ടിനെ മടക്കി ആദം സാംപയാണ് കൂട്ടുകെട്ട് പൊളിച്ചത്.

78 പന്തില്‍ 68 റണ്‍സ് നേടി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് റൂട്ട് പുറത്താകുന്നത്. സാംപയെറിഞ്ഞ പന്ത് റൂട്ടിന്റെ പാഡില്‍ കൊണ്ടു. ഇതോടെ വിക്കറ്റിനായി അപ്പീല്‍ ചെയ്ത കങ്കാരുക്കള്‍ക്ക് അനുകൂലമായി ഫീല്‍ഡ് അമ്പയര്‍ എല്‍.ബി.ഡബ്ല്യൂവെന്ന് വിധിയെഴുതി.

എന്നാല്‍ അമ്പയറിന്റെ തീരുമാനത്തോട് വിയോജിച്ച് റൂട്ട് റിവ്യൂ എടുത്തെങ്കിലും അമ്പയേഴ്‌സ് കോളിന്റെ ആനുകൂല്യത്തില്‍ ഓസീസ് വിക്കറ്റ് നേടിയെടുത്തു.

പുറത്താകും മുമ്പ് ഒരു റെക്കോഡ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ പടുത്തുയര്‍ത്തുന്ന ഏറ്റവും മികച്ച രണ്ടാമത് കൂട്ടുകെട്ട് എന്ന നേട്ടമാണ് റൂട്ടും ഡക്കറ്റും ചേര്‍ന്ന് സ്വന്തമാക്കിയത്.

2017ല്‍ ബെര്‍മിങ്ഹാമില്‍ വെച്ചാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിനെതിരായ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. അന്നും എതിരാളികള്‍ ഇംഗ്ലണ്ട് തന്നെയായിരുന്നു.

ഒയിന്‍ മോര്‍ഗനും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്നാണ് ഈ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ഡക്കറ്റ്-റൂട്ട് ദ്വയത്തേക്കാള്‍ ഒരു റണ്‍സ് മാത്രം അധികം (159 റണ്‍സ്) നേടിയാണ് മോര്‍ഗന്‍-സ്‌റ്റോക്‌സ് കൂട്ടുകെട്ട് ഒന്നാമത് തുടരുന്നത്.

അതേസമയം, 39 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 120 പന്തില്‍ 134 റണ്‍സുമായി ബെന്‍ ഡക്കറ്റും 13 പന്തില്‍ എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലറുമാണ് ക്രീസില്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, ആദം സാംപ, സ്പെന്‍സര്‍ ജോണ്‍സണ്‍.

Content Highlight: ICC Champions Trophy 2025: ENG vs AUS: Joe Root and Ben Duckett have posted the second highest partnership against Australia in Champions Trophy.

Video Stories