ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിച്ച് ചിരവൈരികളായ ഇംഗ്ലണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടോട്ടലിന്റെ റെക്കോഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഒരു ടീം 350 കടക്കുന്നതും ഇതാദ്യമാണ്.
2004 യു.എസ്.എക്കെതിരെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയ 347 റണ്‍സാണ് ഇതിന് മുമ്പ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍. കിവീസ് ലെജന്‍ഡ് നഥാന്‍ ആസ്റ്റിലിന്റെ സെഞ്ച്വറി കരുത്തിലാണ് കിവീസ് പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫിയിലെ (ഐ.സി.സി നോക്ക്ഔട്ട്) ഏറ്റവുമുയര്‍ന്ന ടോട്ടല്‍
(സ്‌കോര്‍ – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
351/8 – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – ലാഹോര്‍ – 2025*
347/4 – ന്യൂസിലാന്‍ഡ് – യു.എസ്.എ – ദി ഓവല്‍ – 2004
338/4 – പാകിസ്ഥാന്‍ – ഇന്ത്യ – ദി ഓവല്‍ – 2017
331/7 – ഇന്ത്യ – സൗത്ത് ആഫ്രിക്ക – കാര്‍ഡിഫ് – 2023
323/8 – ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – സെഞ്ചൂറിയന്‍ – 2009
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് പടുകൂറ്റന്‍ ടോട്ടലിലേക്ക് ഉയര്‍ന്നത്. 143 പന്തില്‍ 165 റണ്‍സാണ് താരം അടിച്ചെടുത്തത്. 17 ഫോറും മൂന്ന് സിക്‌സറും അടക്കം 115.38 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടും തിളങ്ങി. 78 പന്തില്‍ 68 റണ്‍സുമായാണ് റൂട്ട് പുറത്തായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ട് ടോട്ടലിന് അടിത്തറയിട്ടതും ഈ കൂട്ടുകെട്ടാണ്. ടീം സ്‌കോര്‍ 43ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 201ലാണ്. ജോ റൂട്ടിനെ മടക്കി ആദം സാംപയാണ് കൂട്ടുകെട്ട് പൊളിച്ചത്.
21 പന്തില്‍ 23 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് നിരയിലെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
പത്ത് പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്ന ജോഫ്രാ ആര്‍ച്ചറിന്റെ കാമിയോയും ടീമിന് തുണയായി. അവസാന ഓവറില്‍ ലബുഷാനെതിരെ സിക്‌സറും ഫോറുമടിച്ചാണ് ആര്‍ച്ചര്‍ സ്‌കോര്‍ 350 കടത്തിയത്. ഇംഗ്ലണ്ടിനെ ലോക റെക്കോഡിലെത്തിച്ചതും ആര്‍ച്ചറിന്റെ പ്രകടനമാണ്.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 351 എന്ന കൂറ്റന്‍ സ്‌കോറില്‍ ഇംഗ്ലണ്ടെത്തി.
ഓസ്‌ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷിയസ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആദം സാംപയും മാര്‍നസ് ലബുഷാനും രണ്ട് വിക്കറ്റ് വീതം നേടി. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ശേഷിച്ച വിക്കറ്റെടുത്തത്.
ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫിയിലും വിജയം സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. 2013ല്‍ എഡ്ജ്ബാസ്റ്റണില്‍ ഏറ്റുമുട്ടിയപ്പോള്‍ 48 റണ്‍സിന് വിജയിച്ച ഇംഗ്ലണ്ട് 2017ലും ഇതേ വേദിയില്‍ വിജയം സ്വന്തമാക്കി. ഡി.എല്‍.എസ് മെത്തേഡിലൂടെ 40 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ത്രീ ലയണ്‍സ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, ആദം സാംപ, സ്പെന്‍സര്‍ ജോണ്‍സണ്‍.
Content Highlight: ICC Champions Trophy 2025: ENG vs AUS: England set the record of highest total in CT history