Champions Trophy
ഇന്ത്യയെയോ ന്യൂസിലാന്‍ഡിനെയോ? ഫൈനലില്‍ ഞാന്‍ പിന്തുണയ്ക്കുക ആ ടീമിനെ; വ്യക്തമാക്കി ഡേവിഡ് മില്ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 07, 02:25 am
Friday, 7th March 2025, 7:55 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ എന്‍ട്രി.

 

കലാശപ്പോരാട്ടത്തില്‍ താന്‍ ഏത് ടീമിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലര്‍. ഫൈനലില്‍ താന്‍ ന്യൂസിലാന്‍ഡിനെയാകും പിന്തുണയ്ക്കുക എന്നാണ് മില്ലര്‍ പറയുന്നത്.

‘സത്യസന്ധമായി പറയട്ടെ, ഞാന്‍ ന്യൂസിലാന്‍ഡിനെ പിന്തുണയ്ക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ മില്ലര്‍ വ്യക്തമാക്കി.

സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടതിനെ കുറിച്ചും മില്ലര്‍ സംസാരിച്ചു. പാകിസ്ഥാനില്‍ നിന്നും ദുബായിലേക്ക് നടത്തിയ യാത്രകളാണ് തോല്‍വികളുടെ കാരണങ്ങളിലൊന്നായി മില്ലര്‍ ചൂണ്ടിക്കാട്ടുന്നത്. മാച്ചിന്റെ തലേദിവസം ദുബായിലേക്കും അവിടന്ന് വീണ്ടും പാകിസ്ഥാനിലേക്കും യാത്ര ചെയ്യേണ്ടി വന്നിരുന്നെന്നും മില്ലര്‍ പറഞ്ഞു.

ഫ്ളൈറ്റില്‍ വൈകിട്ട് ദുബായിലേക്ക് എത്തിയെന്നും പിന്നീട് രാവിലെ പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയെന്നും അഞ്ച് മണിക്കൂര്‍ യാത്രക്ക് മാത്രമായി മാറ്റിവെക്കേണ്ടി വന്നെന്നും ഡേവിഡ് മില്ലര്‍ പറഞ്ഞു. അത് തനിക്ക് നല്ല കാര്യമായി തോന്നിയില്ലെന്നും മില്ലര്‍ തുറന്നടിച്ചു. മത്സരശേഷം സംസാരിക്കുകയായിരുന്നു ഡേവിഡ് മില്ലര്‍.

‘ദുബായില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ഫ്ളൈറ്റ് സമയം വെറും ഒരു മണിക്കൂര്‍ 40 മിനിറ്റ് മാത്രമാണ്. പക്ഷേ അത് ആദര്‍ശപരമായ കാര്യമല്ല, ഒരു മത്സരം ജയിച്ച ശേഷം ഞങ്ങള്‍ ദുബായിലേക്ക് പോകുന്നു. അവിടത്തെ മത്സരത്തിന് ശേഷം വീണ്ടും തിരിച്ച് പാകിസ്ഥാനിലേക്ക്. അഞ്ചര മണിക്കൂര്‍ ഫ്ളൈറ്റ് യാത്രക്കായി മാറ്റിവെക്കേണ്ടി വന്നു. അതില്‍ നിന്ന് വിശ്രമം നേടാനും തയാറെടുക്കാനും ധാരാളം സമയം വേണ്ടിവന്നു,’ ഡേവിഡ് മില്ലര്‍ പറഞ്ഞു.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 50 റണ്‍സിന് പരാജയപ്പെട്ടാണ് സൗത്ത് ആഫ്രിക്ക ഒരിക്കല്‍ക്കൂടി ചോക്കേഴ്‌സ് എന്ന പേരുകേള്‍പ്പിച്ചത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 312 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

തോല്‍വിയുറപ്പിച്ച ശേഷവും സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെ കരുത്തില്‍ സൗത്ത് ആഫ്രിക്ക പരാജയപ്പെടാന്‍ ഒരുക്കമല്ലാതെ പൊരുതി നില്‍ക്കുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് നങ്കൂരമിട്ടുനിന്ന മില്ലര്‍ അവസാന പന്ത് വരെ ക്രീസില്‍ നിലയുറപ്പിച്ചു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയുടെയും മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെയും സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. രചിന്‍ രവീന്ദ്ര 101 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 102 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്.

49 റണ്‍സ് വീതം നേടിയ ഗ്ലെന്‍ ഫിലിപ്സിന്റെയും ഡാരില്‍ മിച്ചലിന്റെയും പ്രകടനങ്ങളും ന്യൂസിലാന്‍ഡ് നിരയില്‍ കരുത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 362 എന്ന നിലയില്‍ ടീം ഇന്നിങ്സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് 20 റണ്‍സിനിടെ റിയാന്‍ റിക്കല്‍ടണെ (12 പന്തില്‍ 17) നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ റാസി വാന്‍ ഡെര്‍ ഡസനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ തെംബ ബാവുമ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും സൗത്ത് ആഫ്രിക്കയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.

23ാം ഓവറിലെ രണ്ടാം പന്തില്‍, ടീം സ്‌കോര്‍ 125ല്‍ നില്‍ക്കവെ ബാവുമയെ പുറത്താക്കി മിച്ചല്‍ സാന്റ്നര്‍ കൂട്ടുകെട്ട് പൊളിച്ചു. 71 പന്തില്‍ 56 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ ഏയ്ഡന്‍ മര്‍ക്രമിനെ ഒപ്പം കൂട്ടി വാന്‍ ഡെര്‍ ഡസന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം നഷ്ടപ്പെടാതെ കാത്തു. എന്നാല്‍ 161ല്‍ നില്‍ക്കവെ 66 പന്തില്‍ 69 റണ്‍സ് നേടിയ വാന്‍ ഡെര്‍ ഡസനും 189ല്‍ നില്‍ക്കവെ 31 റണ്‍സടിച്ച മര്‍ക്രവും പുറത്തായതോടെ സൗത്ത് ആഫ്രിക്കയുടെ പതനം ആരംഭിച്ചു. ഇതിനിടെ ഹെന്റിക് ക്ലാസനെയും (ഏഴ് പന്തില്‍ മൂന്ന്) ടീമിന് നഷ്ടമായി.

വിയാന്‍ മുള്‍ഡര്‍ (13 പന്തില്‍ എട്ട്), മാര്‍കോ യാന്‍സെന്‍ (ഏഴ് പന്തില്‍ മൂന്ന്), കേശവ് മഹാരാജ് (നാല് പന്തില്‍ ഒന്ന്) എന്നിവരും മടങ്ങി.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഡേവിഡ് മില്ലര്‍ പ്രതീക്ഷ കൈവിടാതെ ബാറ്റ് വീശിക്കൊണ്ടിരുന്നു. പ്രോട്ടിയാസിനെ സംബന്ധിച്ച് മുങ്ങിത്താഴുന്നവന്റെ കയ്യില്‍ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു മില്ലറിന്റെ പ്രകടനം. നേരിടുന്ന പന്തിലെല്ലാം റണ്‍സ് കണ്ടെത്തിയ മില്ലര്‍ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.

 

Content Highlight: ICC Champions Trophy 2025: David Miller says he will support New Zealand in final