| Saturday, 22nd February 2025, 5:04 pm

ഇനിയിപ്പോള്‍ ഇന്ത്യയോട് തോറ്റാലും പാകിസ്ഥാനികള്‍ ടി.വി തല്ലിപ്പൊട്ടിക്കാന്‍ പോകുന്നില്ല, കാരണം... പച്ചപ്പടയെ കടന്നാക്രമിച്ച് പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി മുഹമ്മദ് റിസ്വാനെയും സംഘത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമാണെന്ന് വിലയിരുത്തിയ ബാസിത് അലി, പാകിസ്ഥാന്‍ രോഹിത് ശര്‍മയെയും സംഘത്തെയും പരാജയപ്പെടുത്തിയാല്‍ അതിനെ അട്ടിമറിയെന്ന് വിളിക്കേണ്ടി വരുമെന്നും പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയാിരുന്നു അദ്ദേഹം.

‘ഒരുപക്ഷേ പാകിസ്ഥാന്‍ ഏകപക്ഷീയമായി ഇന്ത്യയോട് പരാജയപ്പെട്ടാലും ഇത്തവണ പാകിസ്ഥാനികള്‍ തങ്ങളുടെ ടി.വികളൊന്നും തല്ലിപ്പൊളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, കാരണം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അങ്ങനെയാണ്. ഇത്തവണ അവര്‍ ശബ്ദമുയര്‍ത്തി പ്രതിഷേധിക്കുക മാത്രമേ ചെയ്യുകയുള്ളൂ.

കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമാണ് ഇന്ത്യ. അതില്‍ ഒരു തരത്തിലുമുള്ള സംശയവുമില്ല. എന്റെ അഭിപ്രായത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ അതിനെ ഒരു അട്ടിമറി വിജയമായി കണക്കാക്കേണ്ടി വരും. കാരണം നമ്മുടെ ക്രിക്കറ്റ് എക്കാലത്തെയും മോശമായി മാറിയിരിക്കുകയാണ്,’ ബാസിത് അലി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ആരാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക, ആര്‍ക്കുമറിയില്ല. അവര്‍ ഒരുപക്ഷേ ഉസ്മാന്‍ ഖാനോട് ഇമാമിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ബാബര്‍ അസമിനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവരികയും ചെയ്‌തേക്കും.

ബാബര്‍ അസം

ഫഖര്‍ സമാന്‍ പുറത്തായിരിക്കുകയാണ്. ഇതോടെ പാകിസ്ഥാന്റെ ഒന്നാം നമ്പര്‍ മുതല്‍ അഞ്ചാം നമ്പര്‍ വരെ ബാറ്റിങ് ലൈനപ്പ് ഒരുപോലെ തന്നെ തുടരും.

ഫഖര്‍ സമാന്‍

ടീമിനെ ഒരു കാറായി കണക്കാക്കുകയാണെങ്കില്‍, ഈ കാര്‍ തേര്‍ഡ് ഗിയറില്‍ പോവുകയാണെങ്കില്‍ തേര്‍ഡ് ഗിയറില്‍ തന്നെ പോയിക്കൊണ്ടിരിക്കും. അവസാന 5-10 ഓവറുകളില്‍ ടര്‍ബോ മോഡിലേക്ക് മാറാന്‍ ഈ കാറിന് സാധിക്കില്ല,’ ബാസിത് അലി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടാണ് ആതിഥേയര്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. അതേസമയം, ഇന്ത്യയാകട്ടെ ബംഗ്ലാദേശിനെതിരെ ആധികാരിക വിജയം സ്വന്തമാക്കിയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ഫെബ്രുവരി 23നാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം. ഇതിന് മുമ്പ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇതേ വേദിയില്‍ ഒടുവില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം പാകിസ്ഥാനൊപ്പമായിരുന്നു. ഇതുമാത്രമാണ് റിസ്വാനും സംഘത്തിനും ആശ്വസിക്കാനുള്ളത്.

എന്നാല്‍ പരാജയങ്ങള്‍ക്ക് കണക്കുചോദിക്കാനെത്തുന്ന ഇന്ത്യയാകട്ടെ റെഡ് ഹോട്ട് ഫോമിലുമാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ടാം വിജയം നേടുമെന്ന് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുമ്പോള്‍ പാകിസ്ഥാന്റെ തിരിച്ചുവരവിനാണ് പാക് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: ICC Champions Trophy 2025: Basit Ali about India vs Pakistan match

We use cookies to give you the best possible experience. Learn more