ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ 273 റണ്‍സുമായി അഫ്ഗാനിസ്ഥാന്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സെദ്ദിഖുള്ള അടലിന്റെയും അസ്മത്തുള്ള ഉമര്‍സായിയുടെയും കരുത്തിലാണ് അഫ്ഗാന്‍ മോശമല്ലാത്ത സ്‌കോറിലെത്തിയത്.
മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ ഒട്ടും പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട താരം ഒറ്റ റണ്‍സ് പോലും നേടാതെയാണ് മടങ്ങിയത്.
എന്നാല്‍ വണ്‍ ഡൗണായെത്തിയ സെദ്ദിഖുള്ള അടല്‍ സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. കഴിഞ്ഞ മത്സരത്തില്‍ ചരിത്രമെഴുതിയ ഇബ്രാഹിം സദ്രാനെ ഒപ്പം കൂട്ടി താരം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ സദ്രാനെയും 91ല്‍ നില്‍ക്കവെ റഹ്‌മത് ഷായെയും ടീമിന് നഷ്ടമായി.
എന്നാല്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയെ ഒരറ്റത്ത് നിര്‍ത്തി സെദ്ദിഖുള്ള സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ടീം സ്‌കോര്‍ 159ല്‍ നില്‍ക്കവെയാണ് സ്‌പെന്‍സര്‍ ജോണ്‍സണ്‍ ഓസീസിന് ബ്രേക് ത്രൂ നല്‍കി താരത്തെ മടക്കിയത്. 95 പന്തില്‍ 85 റണ്‍സാണ് താരം നേടിയത്.
സെദ്ദിഖുള്ള നല്‍കിയ മൊമെന്റം നഷ്ടപ്പെടുത്താതെ അസ്മത്തുള്ള ഒമര്‍സായ് വേഗത്തില്‍ സ്‌കോര്‍ ചെയ്തുതുടങ്ങി. ക്യാപ്റ്റനും മുഹമ്മദ് നബിയും ഗുല്‍ബദീന്‍ നയീബും പുറത്തായപ്പോഴും ഒരുവശത്ത് ഉമര്‍സായ് ഉറച്ചുനിന്നു.
ഒടുവില്‍ അവസാന ഓവറിലെ നാലാം പന്തില്‍ ടീം സ്‌കോര്‍ 272ല്‍ നില്‍ക്കവെ ഉമര്‍സായ് മടങ്ങി. 63 പന്തില്‍ 67 റണ്‍സ് നേടിയാണ് താരം പുറത്തായത്. അഞ്ച് സിക്‌സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡും താരം സ്വന്തമാക്കി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആറാം നമ്പറിലോ അതിവന് താഴെയോ ക്രീസിലെത്തി ഒരു മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ഉമര്‍സായ് കാലെടുത്ത് വെച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം
(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ക്രെയ്ഗ് മക്മില്ലന്‍ – ന്യൂസിലാന്‍ഡ് – യു.എസ്.എ – 7 – ദി ഓവല്‍ – 2004
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – പാകിസ്ഥാന്‍ – 6 – ദി ഓവല്‍ – 2017
അസ്മത്തുള്ള ഉമര്‍സായ് – അഫ്ഗാനിസ്ഥാന്‍ – ഓസ്‌ട്രേലിയ – 5 – ലാഹോര്‍ – 2025*
ഉമര്‍സായിയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ അഫ്ഗാന്‍ 273ലെത്തി.
മത്സരത്തില്‍ ഓസ്‌ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷിയസ് മൂന്ന് വിക്കറ്റെടുത്തു. സ്‌പെന്‍സര്‍ ജോണ്‍സണും ആദം സാംപയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
ഇബ്രാഹിം സദ്രാന്‍, റമ്ഹാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദ്ദിഖുള്ള അടല്‍, റഹ്‌മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഉമര്‍സായ്, മുഹമ്മദ് നബി, ഗുല്‍ബദീന്‍ നയീബ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്.
ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, ആദം സാംപ, സ്പെന്‍സര്‍ ജോണ്‍സണ്‍.
Content highlight: ICC Champions Trophy 2025: Azmatullah Omarzai enters the list of most 6s in an innings at number six or lower in CT