|

മത്സരം ഉപേക്ഷിച്ചു, ഓസീസ് സെമിയില്‍; അഫ്ഗാനിസ്ഥാന്‍ പുറത്തായോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ അഫ്ഗാനിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. മോശം കാലാവസ്ഥ മൂലം മാച്ച് തുടരാന്‍ സാധിക്കാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

മത്സരം ഉപേക്ഷിക്കുകയും ഒരു പോയിന്റ് ലഭിക്കുകയും ചെയ്തതോടെ ഓസ്‌ട്രേലിയ സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റോടെയാണ് ഓസീസ് സെമിയില്‍ കയറിയത്.

ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സെമിയില്‍ പ്രവേശിക്കാമെന്നിരിക്കവെയാണ് മത്സരം ഉപേക്ഷിക്കപ്പെട്ടതും ഫലത്തില്‍ ഓസീസ് വിജയിച്ചതും.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം നേടിയ ഓസീസിന്റെ അടുത്ത രണ്ട് മത്സരങ്ങളും ഫലമില്ലാതെ അവസാനിച്ചിരുന്നു. സൗത്ത് ആഫ്രിക്കയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ ഓരോ പോയിന്റ് വീതം ലഭിച്ചതോടെ ഗ്രൂപ്പ് ബി-യില്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായും കങ്കാരുക്കള്‍ മാറി.

ഈ മത്സരത്തില്‍ ഫലമില്ലാതെ പോയെങ്കിലും അഫ്ഗാനിസ്ഥാന്റെ സെമി ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചിട്ടില്ല. മൂന്ന് മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ബി-യില്‍ മൂന്നാമതാണ് അഫ്ഗാന്‍.

അടുത്ത ദിവസം നടക്കുന്ന സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് മത്സരമാണ് അഫ്ഗാനിസ്ഥാന്റെ സെമി സാധ്യതകള്‍ പൂര്‍ണമായും നിര്‍വചിക്കുക. ഈ മത്സരത്തില്‍ ഇംഗ്ലണ്ട് മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ ഷാഹിദിയും സംഘവും തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കളിക്കും.

നിലവില്‍ -0.990 എന്ന നെറ്റ് റണ്‍ റേറ്റാണ് അഫ്ഗാനിസ്ഥാനുള്ളത്. സൗത്ത് ആഫ്രിക്കയ്ക്കാകട്ടെ +2.140 എന്ന മികച്ച റണ്‍ റേറ്റും. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഈ നെറ്റ് റണ്‍ റേറ്റ് മറികടക്കുന്ന രീതിയിലുള്ള വിജയമായിരിക്കണം ഇംഗ്ലണ്ട് നേടേണ്ടത്.

ഇനിയൊരുപക്ഷേ ഈ മത്സരം മോശം കാലാവസ്ഥ മൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കിലും അഫ്ഗാനിസ്ഥാന്‍ തിരിച്ചടി നേരിടും. ഇതുവഴി ലഭിക്കുന്ന ഒരു പോയിന്റ് കൂടിയാകുമ്പോള്‍ പ്രോട്ടിയാസിന് നാല് പോയിന്റാകും. ഇതോടെ ഗ്രൂപ്പ് ബി-യില്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന രണ്ടാമത് ടീമായും ഇതോടെ സൗത്ത് ആഫ്രിക്ക മാറും.

കഴിഞ്ഞ ദിവസം തങ്ങളുടെ ചരിത്ര വിജയത്തിനായി പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ പടുകൂറ്റന്‍ വിജയത്തിനാണ് ഇനി അഫ്ഗാന്‍ പ്രാര്‍ത്ഥിക്കേണ്ടത്.

അതേസമയം, തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായിരുന്നു. മുഖം രക്ഷിക്കാനെങ്കിലും തങ്ങളുടെ അവസാന മത്സരത്തില്‍ മികച്ച വിജയം നേടാനാകും ത്രീ ലയണ്‍സ് ശ്രമിക്കുക.

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ട് കളത്തിലിറങ്ങുന്ന അവസാന മത്സരം കൂടിയായിരിക്കുമിത്. ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിന് പിന്നാലെ ബട്‌ലര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു. ബട്‌ലറിനെ വിജയത്തോടെ പടിയിറക്കാനാകും ഇംഗ്ലണ്ടും ശ്രമിക്കുക.

Content Highlight: ICC Champions Trophy 2025: Afghanistan’s semi final chances after AUS vs AFG match ended in no result

Video Stories