Champions Trophy
ഫൈനലിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രം; ആഗ്രഹിക്കാത്ത രീതിയില്‍ പുറത്തായി വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 09, 03:10 pm
Sunday, 9th March 2025, 8:40 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 252 റണ്‍സിന്റെ വിജയലക്ഷ്യം. ഡാരില്‍ മിച്ചലിന്റെയും മൈക്കല്‍ ബ്രേസ്വെല്ലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് കിവികള്‍ മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്.

ഡാരില്‍ മിച്ചല്‍ 101 പന്ത് നേരിട്ട് മൂന്ന് ഫോറിന്റെ അകമ്പടിയോടെ 63 റണ്‍സ് നേടി. 40 പന്തില്‍ നിന്നും മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം പുറത്താകാതെ 53 റണ്‍സാണ് ബ്രേസ്വെല്‍ അടിച്ചെടുത്തത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 105 റണ്‍സാണ് ഓപ്പണര്‍മാരായ രോ-ഗില്‍ സഖ്യം അടിച്ചെടുത്തത്. എന്നാല്‍ അധികം വൈകാതെ ടോപ് ഓര്‍ഡറിനെ തകര്‍ത്ത് കിവികള്‍ ബ്രേക് ത്രൂ നേടി. 105/0 എന്ന നിലയില്‍ നിന്നും 122/3 എന്ന നിലയിലേക്ക് കിവികള്‍ ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു.

ശുഭ്മന്‍ ഗില്‍ (50 പന്തില്‍ 31), വിരാട് കോഹ്‌ലി (രണ്ട് പന്തില്‍ ഒന്ന്), രോഹിത് ശര്‍മ (83 പന്തില്‍ 76) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഐ.സി.സി ഫൈനലുകളില്‍ ഇത് രണ്ടാം തവണയാണ് വിരാട് ഒറ്റയക്കത്തിന് പുറത്താകുന്നത്. ഫൈനലുകളില്‍ വിരാട് കോഹ്‌ലിയുടെ ഏറ്റവും മോശം സ്‌കോറും ഇതുതന്നെ.

ഇന്ത്യ 180 റണ്‍സിന് പരാജയപ്പെട്ട 2017 ചാമ്പ്യന്‍സ് ട്രോഫിയിലാണ് വിരാട് ഇതിന് മുമ്പ് ഒറ്റയക്കത്തിന് പുറത്തായത്. ഒമ്പത് പന്ത് നേരിട്ട് അഞ്ച് റണ്‍സിനായിരുന്നു ക്യാപ്റ്റന്‍ കോഹ്‌ലിയുടെ മടക്കം.

ഐ.സി.സി ഫൈനലുകളില്‍ വിരാട് കോഹ്‌ലിയുടെ പ്രകടനം

2011 ഏകദിന ലോകകപ്പ് vs ശ്രീലങ്ക – 35 (49)

2013 ചാമ്പ്യന്‍സ് ട്രോഫി vs ഇംഗ്ലണ്ട് – 43 (35)

2014 ടി-20 ലോകകപ്പ് vs ശ്രീലങ്ക – 77 (58)

2017 ചാമ്പ്യന്‍സ് ട്രോഫി vs പാകിസ്ഥാന്‍ – 5 (9)

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2019-2021 vs ന്യൂസിലാന്‍ഡ് – 44 & 13

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-2023 vs ഓസ്‌ട്രേലിയ – 14 & 49

2023 ഏകദിന ലോകകപ്പ് vs ഓസ്‌ട്രേലിയ – 54 (63)

2024 ടി-20 ലോകകപ്പ് vs സൗത്ത് ആഫ്രിക്ക – 76 (59)

2025 ചാമ്പ്യന്‍സ് ട്രോഫി vs ന്യൂസിലാന്‍ഡ് – 1 (2)*

അതേസമയം, 30 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 13 പന്തില്‍ നാല് റണ്‍സുമായി അക്‌സര്‍ പട്ടേലും 32 പന്തില്‍ 19 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

 

Content Highlight: ICC Champ[ions Trophy 2025: Final: IND vs NZ: Virat Kohli’s performance in ICC tournament’s final