ശ്രീലങ്കക്ക് വന്‍ തിരിച്ചടി; സ്പിന്‍ മാന്ത്രികനെ ബാന്‍ ചെയ്ത് ഐ.സി.സി
Sports News
ശ്രീലങ്കക്ക് വന്‍ തിരിച്ചടി; സ്പിന്‍ മാന്ത്രികനെ ബാന്‍ ചെയ്ത് ഐ.സി.സി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th February 2024, 8:45 am

അഫ്ഗാനിസ്ഥാനെതിരെ ബുധനാഴ്ച ദാംബുള്ളയില്‍ നടന്ന അവസാനത്തെ ടി-20 മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന മത്സരത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചതോടെ ശ്രീലങ്കയാണ് പരമ്പര സ്വന്തമാക്കിയത്.

എന്നാല്‍ അവസാനത്തെ മത്സരത്തില്‍ അമ്പയര്‍മാരെ അധിക്ഷേപിച്ചതിന് ശ്രീലങ്കന്‍ ക്യാപ്റ്റനും സ്പിന്‍ മാന്ത്രികനുമായ വനിന്ദു ഹസരംഗയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) മുന്നോട്ടുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കി. ഫുള്‍-ടോസ് ഡെലിവറിക്ക് നോബോള്‍ നല്‍കാത്തതിന് അമ്പയറോട് ദേഷ്യപ്പെടുകയായിരുന്നു താരം.

ഹസരംഗയ്ക്ക് മൂന്ന് ഡീമെറിറ്റ് പോയിന്റുകളും 50 ശതമാനം മാച്ച് ഫീയും പിഴ ലഭിച്ചു. പെരുമാറ്റം കാരണം 24 മാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ഡീമെറിറ്റ് പോയിന്റുകള്‍ അഞ്ചിലെത്തി.
അദ്ദേഹത്തിന്റെ അഞ്ച് ഡീമെറിറ്റ് പോയിന്റുകള്‍ രണ്ട് സസ്‌പെന്‍ഷന്‍ പോയിന്റുകളായി മാറുകയാണ്. രണ്ട് സസ്പെന്‍ഷന്‍ പോയിന്റില്‍ ആദ്യം വരുന്ന ഒരു ടെസ്റ്റ് അല്ലെങ്കില്‍ രണ്ട് ഏകദിനങ്ങളോ ടി-20 മത്സരങ്ങളോ താരത്തിന് നഷ്ടപ്പെടുമെന്നാണ് റൂള്‍. അടുത്ത മാസം ബംഗ്ലാദേശിനെതിരായ രണ്ട് ടി-20 മത്സരങ്ങളാണ് ഹസരംഗയ്ക്ക് നഷ്ടമാണ് ലഷ്ടമാകുക.

അതേസമയം, അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനും ഐ.സി.സിയുടെ പിഴ ലഭിച്ചു. ഇതേ ഗെയിമില്‍ പെരുമാറ്റച്ചട്ട ലംഘിച്ചതിന് മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ ചുമത്തിയത്.

കളിയില്‍ അമ്പയറുടെ നിര്‍ദേശം ലംഘിച്ചതിനാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചെയ്യരുതെന്ന് പറഞ്ഞിട്ടും ബാറ്റിന്റെ പിടി മാറ്റിയാണ് പെരുമാറ്റച്ചട്ടം ലംഘിച്ചത്.

രണ്ട് കളിക്കാരും തങ്ങളുടെ കുറ്റങ്ങള്‍ സമ്മതിക്കുകയും മാച്ച് റഫറി ക്രിസ് ബ്രോഡ് ചുമത്തിയ കുറ്റങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ ലിന്‍ഡന്‍ ഹാനിബാള്‍, രവീന്ദ്ര വിമലസിരി, തേര്‍ഡ് അമ്പയര്‍ രുചിര പള്ളിയഗുരുഗെ, ഫോര്‍ത്ത് അമ്പയര്‍ റാന്‍മോര്‍ മാര്‍ട്ടിനെസ് എന്നിവര്‍ രണ്ട് കളിക്കാര്‍ക്കെതിരെയും കുറ്റം ചുമത്തി.

 

 

Content Highlight: ICC bans Sri Lanka captain Wanindu Hasaranga