| Thursday, 6th June 2019, 10:57 pm

ആ ഗ്ലൗസ് ഇട്ട് കളിക്കാന്‍ പാടില്ല; ധോണിക്കെതിരെ ഐ.സി.സി

സ്പോര്‍ട്സ് ഡെസ്‌ക്

സതാംപ്ടണ്‍: ലേകകപ്പ് ക്രിക്കറ്റിനിടെ ധോണിക്കെതിരെ ഐ.സി.സി രംഗത്ത്. കളിയില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമുള്ള ഗ്ലൗസുമായി മത്സരത്തിന് ഇറങ്ങിയതിനെതിരെയാണ് ഐ.സി.സി രംഗത്തെത്തിയത്.

ഇത് സംബന്ധിച്ച് ഉടന്‍ തന്നെ ധോണിയുടെ ഗ്ലൗസിലെ ചിഹ്നം മാറ്റണമെന്ന് ബി.സി.സി.ഐയോട് ഐ.സി.സി ആവശ്യപ്പെട്ടു. ഐ.സി.സിയുടെ സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് ആണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

ദക്ഷിണാഫ്രിക്കക്കെതിരായി കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ധോണിക്ക് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

മത്സരത്തിന്റെ നാല്‍പതാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫെഹ്ലുക്കുവായോയെ ധോണി സ്റ്റംപ് ചെയ്തതിന്റെ റീപ്ലേകള്‍ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ് ധോണിയുടെ ഗ്ലൗസിലെ ബാഡ്ജ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

നിലവില്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ഹോണററി റാങ്ക് ധോണിക്കുണ്ട്. 2011 ല്‍ ആണ് ധോണിക്ക് ലെഫ്. കേണല്‍ പദവി ആദരസൂചകമായി ലഭിച്ചത്.
DoolNews Video

We use cookies to give you the best possible experience. Learn more