| Tuesday, 3rd April 2018, 9:40 pm

'ഇടിവെട്ടിയവനു പാമ്പ് കടിയും'; താരങ്ങളുടെ വിലക്കിനു പിന്നാലെ ടീം റാങ്കിങ്ങില്‍ തിരിച്ചടിയേറ്റ് ഓസീസ്

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ വിവാദ സംഭവങ്ങള്‍ക്ക് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ തിരിച്ചടിയേറ്റ് ഓസീസ്. ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിനു പിന്നാലെ മുന്‍ ലോക ഒന്നാം സ്ഥാനക്കാരയ കങ്കാരുക്കള്‍ക്ക് ടെസ്റ്റ് റാങ്കിങ്ങിലെ മൂന്നാം സ്ഥാനവും നഷ്ടമായിരിക്കുകയാണ്.

പുതിയ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് മുന്നില്‍. 121 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 3-1നു പരമ്പര വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക 117 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 3-1നായിരുന്നു സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് ദക്ഷിണാഫ്രിക്ക നടത്തിയത്.

തോല്‍വിയോടെ മൂന്നാംസ്ഥാനം നഷ്ടമായ ഓസീസ് 102 പോയിന്റോടെ നാലാമതാണ്. മൂന്നാമതുള്ള ന്യൂസിലാന്‍ഡിനും 102 പോയിന്റാണ്. ഇംഗ്ലണ്ടിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചില്‍ സമനില നേടിയതാണ് ന്യൂസിലാന്‍ഡിനെ മുന്നേറ്റത്തിനു സഹായിച്ചത്. 97 റേറ്റിംഗ് പോയിന്റുള്ള ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്.

നേരത്തെ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തെത്തുടര്‍ന്ന ഓസീസ് നായകനയായിരുന്ന സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറെയും ടീമംഗം ബ്രാന്‍കോഫ്റ്റിനെയും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഓസീസിനു റാങ്കിങ്ങിലും തിരിച്ചടി ഉണ്ടായിരിക്കുന്നത്.

We use cookies to give you the best possible experience. Learn more