ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള അമ്പയര്‍മാരുടെ പട്ടിക ഐ.സി.സി പുറത്തുവിട്ടിരിക്കുകയാണ്. 20 അമ്പയര്‍മാരും ജവഗല്‍ ശ്രീനാഥ് അടക്കം ആറ് മാച്ച് റഫറിമാരുടെയും പട്ടികയാണ് ഐ.സി.സി പുറത്തുവിട്ടിരിക്കുന്നത്.
പട്ടികയില്‍ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച അമ്പയര്‍മാരില്‍ ഒരാളായ റിച്ചാര്‍ഡ് കെറ്റില്‍ബെറോയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ ആരാധകര്‍ ഏറെ നിരാശയിലുമാണ്.
ഐ.സി.സി ഇവന്റുകളിലെ ഇന്ത്യയുടെ കണ്ടക ശനി എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന അമ്പയറാണ് കെറ്റില്‍ബെറോ. കാരണം 2014ന് ശേഷം അദ്ദേഹം നിയന്ത്രിച്ച ഒറ്റ നോക്ക് ഔട്ട് മത്സരത്തില്‍ പോലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിന് കാരണവും.
2014 ഐ.സി.സി ടി-20 വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മുതല്‍ 2023 ലോകകപ്പ് വരെ ഇന്ത്യ പരാജയപ്പെട്ടപ്പോഴെല്ലാം തന്നെ അമ്പയറുടെ റോളില്‍ കെറ്റില്‍ബെറോയും ഉണ്ടായിരുന്നു.
2014 ടി-20 ലോകകപ്പ് ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കയോട് തോറ്റ് കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടമാകുമ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ നിന്നിരുന്നത് കെറ്റില്‍ബെറോ ആയിരുന്നു.
2011ല്‍ നേടിയ ലോക കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ 2015 ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിലും സ്വന്തം മണ്ണില്‍ വെച്ച് നടന്ന 2016ലെ ടി-20 ലോകകപ്പിന്റെ സെമിയിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റില്‍ബെറോ ആയിരുന്നു കളി നിയന്ത്രിച്ചിരുന്നത്.
പാകിസ്ഥാനോട് പടുകൂറ്റന്‍ പരാജയം നേരിട്ട് 2017 ചാമ്പ്യന്‍സ് ട്രോഫി അടിയറവെച്ചപ്പോഴും കെറ്റില്‍ബെറോ തന്നെയായിരുന്നു ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാള്‍.
2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുമ്പോള്‍ മൂകസാക്ഷിയായി കെറ്റില്‍ബെറോ അമ്പയറുടെ റോളില്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. അന്ന് ധോണി റണ്‍ ഔട്ടാകുമ്പോഴുള്ള കെറ്റില്‍ബെറോയുടെ മുഖഭാവം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല.
ലോകകപ്പില്‍ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരെ ആദ്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുമ്പോഴും കെറ്റില്‍ബെറോ കളി നിയന്ത്രിച്ചിരുന്നു. ഇത്തവണ ഗ്രൗണ്ടില്‍ ഇറങ്ങിയല്ല, തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പ്രതീക്ഷിച്ചതുതന്നെ അന്നും സംഭവിച്ചു. ഇന്ത്യ വീണ്ടും കരഞ്ഞു.
ശേഷം 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പേടിച്ചതുപോലെ ആ മത്സരത്തിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ഇതിന് പുറമെ 2023 ഏകദിന ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ റിച്ചാര്‍ഡ് ഇല്ലിങ് വെര്‍ത്തിനൊപ്പം കളി നിയന്ത്രിച്ച മറ്റൊരു ഓണ്‍ ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ആയിരുന്നു.
ഇപ്പോള്‍ ടി-20 ലോകകപ്പിലും കെറ്റില്‍ബെറോ അമ്പയറുടെ റോളിലെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മത്സരം കെറ്റില്‍ബെറോ നിയന്ത്രിക്കരുതേ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. അഥവാ മറിച്ച് സംഭവിക്കുകയാണെങ്കില്‍ ആരാധകരുടെ അന്ധവിശ്വാസം ഊട്ടിയുറപ്പിക്കുന്നതാകും 2024 ടി-20 ലോകകപ്പും.
ടി-20 ലോകകപ്പിനുള്ള അമ്പയര്‍മാര്‍
ക്രിസ് ബ്രൗണ്‍, കുമാര്‍ ധര്‍മസേന, ക്രിസ് ഗഫാനി, മൈക്കല്‍ ഗോഫ്, ഏഡ്രിയന്‍ ഹോള്‍ഡ്‌സ്‌റ്റോക്, റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്, അലാഹുദ്ദീന്‍ പാലേകര്‍, റിച്ചാര്‍ഡ് കെറ്റില്‍ബെറോ, ജയരാമന്‍ മദന്‍ഗോപാല്‍, നിതിന്‍ മേനോന്‍, സാം നോഗജ്‌സ്‌കി, അഹ്‌സന്‍ റാസ, റാഷിദ് റിയാസ്, പോള്‍ റീഫല്‍, ലോങ്ടണ്‍ റൂസരെ, ഷാഹിദ് സൈകത്, റോഡ്‌നി ടക്കര്‍, അലക്‌സ് വാര്‍ഫ്, ജോയല്‍ വില്‍സണ്‍, ആസിഫ് യാക്കൂബ്.
മാച്ച് റഫറിമാര്‍
ഡേവിഡ് ബൂണ്‍, ജെഫ് ക്രോവ്, രഞ്ജന്‍ മദുഗല്ലേ, ആന്‍ഡ്രൂ പൈക്രോഫ്റ്റ്, റിച്ചി റിച്ചാര്‍ഡ്‌സണ്‍, ജവഗല്‍ ശ്രീനാഥ്.
Content Highlight: ICC announced umpires list for T20 World Cup