ആ അവാർഡും ഗിൽ കൊണ്ടുപോകുമോ? പ്ലെയർ ഓഫ് ദി മന്ത്‌ നോമിനേഷൻ പട്ടിക പുറത്ത്
Cricket
ആ അവാർഡും ഗിൽ കൊണ്ടുപോകുമോ? പ്ലെയർ ഓഫ് ദി മന്ത്‌ നോമിനേഷൻ പട്ടിക പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th October 2023, 1:07 pm

2023 സെപ്റ്റംബറിലെ പ്ലെയർ ഓഫ് ദി മന്ത് നോമിനികളുടെ പട്ടിക പുറത്തുവന്നു. ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ (ഐ.സി.സി) ആണ് പട്ടിക പുറത്തുവിട്ടത്.

ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങളും ഇംഗ്ലണ്ടിൽ നിന്നും ഒരു താരവുമാണ്‌ പട്ടികയിൽ ഇടം നേടിയത്. ഇന്ത്യൻ ബാറ്റർ ശുഭ് മൻ ഗില്ലും ബൗളർ മുഹമ്മദ്‌ സിറാജും, ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലനുമാണ്‌ നോമിനേഷനിലുള്ളത്.

ഇന്ത്യൻ യുവ ഓപ്പണർ ശുഭ് മൻ ഗിൽ സമീപകാലങ്ങളിൽ മികച്ച ഫോമിലാണ്. കഴിഞ്ഞ ഏഷ്യാകപ്പിലും ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയൻ പരമ്പരയിലും താരം മിന്നും പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ ഗിൽ സെഞ്ച്വറി നേടിയിരുന്നു. തുടർന്നുള്ള ഓസ്ട്രേലിയൻ പരമ്പരയിൽ താരം ഒരു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും നേടിയിരുന്നു. സെപ്റ്റംബർ മാസത്തിൽ 452 റൺസാണ് ഗില്ലിന്റ പേരിലുള്ളത്. 80 ശരാശരിയിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

നോമിനേഷനുള്ള മറ്റൊരു താരം ഇംഗ്ലണ്ടിന്റെ ബാറ്റർ ഡേവിഡ് മലനാണ്. ലോകകപ്പിന് മുന്നോടിയാലുള്ള ഇംഗ്ലണ്ട് ന്യൂസിലാൻഡ് പരമ്പരയിൽ താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പരമ്പരയിൽ ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളും നേടിക്കൊണ്ട് മിന്നും പ്രകടനമാണ്‌ താരം പുറത്തെടുത്തത്. 127, 54, 96 എന്നീ സ്‌കോറുകൾ ആയിരുന്നു താരം കിവീസിനെതിരെ നേടിയത്. 105.72 പ്രഹര ശേഷിയിൽ 277 റൺസാണ് മലൻ അടിച്ചെടുത്തത്.

നോമിനേഷൻ പട്ടികയിൽ ഉള്ള ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും സമീപകാലത്തും മികച്ച പ്രകടനമായി കാഴ്ചവെക്കുന്നത്. നിലവിൽ ഐ.സി.സി ഏകദിന ബൗളിങ് റാങ്കിങ് ഒന്നാംസ്ഥാനത്താണ് സിറാജ്. ഏഷ്യാ കപ്പ്‌ ഫൈനലിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ നേടിയതായിരുന്നു താരത്തിന്റ ശ്രദ്ധേയമായ പ്രകടനം.

ഓരോ മാസത്തിന്റെയും തുടക്കം മുതൽ അവസാനം വരെയുള്ള താരങ്ങളുടെ പ്രകടനം വിലയിരുത്തിയാണ് നോമിനികളെ തിരഞ്ഞെടുക്കുന്നത്. വോട്ടിങ് അക്കാദമിയും ആരാധകരും ആണ് ഇതിൽ വോട്ട് ചെയ്യുക. പ്രശസ്ത മാധ്യമപ്രവർത്തകർ, മുൻ താരങ്ങൾ, ബ്രോഡ്കാസ്റ്റർമാർ, ഐ.സി.സി ഹാൾ ഓഫ് ഫ്രെയിം അംഗങ്ങൾ എന്നിവരടുങ്ങുന്നതാണ് അക്കാദമി.

ഒക്ടോബർ 16നാണ് വിജയികളെ പ്രഖ്യാപിക്കുക.

Content Highlight: ICC announced the nominee player of month award.