ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിനുള്ള മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ച് ഐ.സി.സി. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ അടക്കമുള്ള ടീമുകള്‍ക്ക് കാര്യം അല്‍പം കടുപ്പമാകുമ്പോള്‍ സൗത്ത് ആഫ്രിക്കയെ ഭാഗ്യം തുണച്ചിരിക്കുകയാണ്.
ഇപ്പോഴുള്ള അതേ ഫോര്‍മാറ്റില്‍ തന്നെയാണ് മത്സരങ്ങള്‍ നടക്കുക. ഒമ്പത് ടീമുകള്‍ ഹോം, എവേ മാച്ചുകള്‍ കളിക്കുകയും പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കുകയും ചെയ്യും.
ചരിത്രപ്രാധാന്യമുള്ള ആഷസിന്റെ 73ാം എഡിഷനോടെയാണ് പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കമാവുക. ഇംഗ്ലണ്ടാണ് ഇത്തവണ ആഷസിന് വേദിയാകുന്നത്. ജൂണ്‍ 16ന് എഡ്ജ്ബാസ്റ്റണില്‍ വെച്ചാണ് ആഷസിലെ ആദ്യ മത്സരത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം സൈക്കിളിന് തുടക്കമാകുന്നത്.
പരമ്പരയിലെ രണ്ടാം മത്സരം ലോര്‍ഡ്‌സിലും മൂന്നാം ടെസ്റ്റ് യോര്‍ക്‌ഷെയര്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും വെച്ച് നടക്കും. ഓള്‍ഡ് ട്രാഫോര്‍ഡ്, ഓവല്‍ എന്നിവിടങ്ങളിലായാണ് നാല്, അഞ്ച് ടെസ്റ്റുകള്‍ നടക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കമാകുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡൊമനിക്കയും ട്രിനിഡാഡുമാണ് വേദി.
ഇന്ത്യയുടെ ഹോം, എവേ മാച്ചുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ ഇന്ത്യയിലെത്തി പരമ്പര കളിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് പുറമെ ഓസ്‌ട്രേലിയയിലും സൗത്ത് ആഫ്രിക്കയിലുമെത്തി ഇന്ത്യ എവേ മാച്ചുകള്‍ കളിക്കും.
പുതിയ സൈക്കിളിലെ മത്സരങ്ങള്‍ പ്രഖ്യാപിച്ചതോടെ ഭാഗ്യം തുണച്ചിരിക്കുന്നത് സൗത്ത് ആഫ്രിക്കയെയാണ്. ഇന്ത്യയടക്കമുള്ള മൂന്ന് ഏഷ്യന്‍ ടീമുകളാണ് പ്രോട്ടീസിനെതിരെ അവരുടെ ഹോം മാച്ചില്‍ കളിക്കുക. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തും.
ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ എവേ ഫിക്‌സ്ചറുകള്‍.
Content highlight: ICC announced fixtures for World Test Championship 2025