എന്തിന്റെ അടിസ്ഥാനത്തിലാണ് ബാലണ്‍ ഡി ഓര്‍ കൊടുക്കുന്നത്? എനിക്കിനിയും മനസിലായിട്ടില്ല; കട്ട കലിപ്പില്‍ ഐകര്‍ കസിയസ്
Football
എന്തിന്റെ അടിസ്ഥാനത്തിലാണ് ബാലണ്‍ ഡി ഓര്‍ കൊടുക്കുന്നത്? എനിക്കിനിയും മനസിലായിട്ടില്ല; കട്ട കലിപ്പില്‍ ഐകര്‍ കസിയസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th October 2022, 9:35 pm

2022ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വിതരണത്തില്‍ രൂക്ഷവിമര്‍ശനമുന്നയിച്ച് സ്‌പെയ്‌നിന്റെ ഇതിഹാസ ഗോള്‍ കീപ്പര്‍ ഐകര്‍ കസിയസ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ബാലണ്‍ ഡി ഓര്‍ സമിതി ജേതാവിനെ തീരുമാനിക്കുന്നത് എന്ന കാര്യം തനിക്കിനിയും മനസിലായിട്ടില്ല എന്നാണ് കസിയസ് പറയുന്നത്.

റയല്‍ മാഡ്രിഡ് ഗോള്‍കീപ്പറും ബെല്‍ജിയന്‍ ഇന്റര്‍നാഷണലുമായ തിബൗട്ട് കോര്‍ട്ടിയസ് (Thibout Courtois) ആദ്യ മൂന്നില്‍ സ്ഥാനം പിടിക്കാത്തതാണ് ഐകര്‍ കസിയസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ബാലണ്‍ ഡി ഓര്‍ റാങ്കിങ്ങില്‍ ഏഴാമതായാണ് കോര്‍ട്ടോയിസ് ഫിനിഷ് ചെയ്തത്. എന്നിരുന്നാലും ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരമായ യാഷിന്‍ ട്രോഫി നേടിക്കൊണ്ടായിരുന്നു കോര്‍ട്ടോയിസ് കയ്യടി നേടിയത്.

നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ കോര്‍ട്ടോയിസ് കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സീസണില്‍ 59 സേവുകള്‍ നടത്തിയ കോര്‍ട്ടിയസ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ അവിശ്വസനീയമായ തരത്തില്‍ ഒമ്പത് സേവുകളും നടത്തിയിരുന്നു.

റയലിനെ ലാ ലീഗ കിരീടവും സൂപ്പര്‍കോപ്പ ഡി എസ്പാനയും ചൂടിക്കാനും കോര്‍ട്ടോയിസ് വഹിച്ച പങ്ക് ചില്ലറയല്ല. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും താരം പോഡിയം ഫിനിഷ് ചെയ്യാത്തതാണ് കസിയസിനെ കലിപ്പാക്കിയിരിക്കുന്നത്.

‘കോര്‍ട്ടോയിന്റെ നേട്ടത്തില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. ഇപ്പോഴുള്ളതില്‍ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ അവനാണ്.

എന്നാല്‍ അവന്‍ ബാലണ്‍ ഡി ഓറിന്റെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടാത്തതില്‍ എനിക്ക് കടുത്ത അമര്‍ഷമുണ്ട്. എനിക്കിപ്പോഴും മനസിലാവാത്ത ഒരു കാര്യം എന്ത് അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ പുരസ്‌കാരം നല്‍കുന്നതെന്നാണ്,’ കസിയസ് പറയുന്നു.

മികച്ച പുരുഷ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത് റയലിന്റെ തന്നെ സൂപ്പര്‍ താരമായ കരീം ബെന്‍സെമയാണ്. റയലിനായി ബൂട്ടുകെട്ടിയ 46 മത്സരത്തില്‍ നിന്നും 44 ഗോളും 15 അസിസ്റ്റുമാണ് താരം നടത്തിയത്.

സെനഗല്‍ താരം സാദിയോ മാനെയെയാണ് രണ്ടാമത്തെ മികച്ച താരമായി തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ ലിവര്‍പൂള്‍ താരം ടീമിനെ കാരബാവോ കപ്പും എഫ്.എ കപ്പും ചൂടിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു വഹിച്ചത്. ഇതിന് പുറമെ സെനഗലിന് ആഫ്‌കോണ്‍ ട്രോഫിയും നേടിക്കൊടുത്ത മാനേയെ ബാലണ്‍ ഡി ഓര്‍ വേദിയില്‍ വെച്ച് സോക്രട്ടീസ് പുരസ്‌കാരം നല്‍കിയും ആദരിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നെടുംതൂണായ ഡി ബ്രൂയ്‌നാണ് മൂന്നാമന്‍. 45 മത്സരത്തില്‍ നിന്നും 33 ഗോള്‍ കോണ്‍ട്രിബ്യൂഷനാണ് ഡി ബ്രൂയ്‌നിന്റെ പേരിലുള്ളത്. സിറ്റിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കുന്നതിലും താരത്തിന്റെ പങ്ക് ഏറെ വലുതായിരുന്നു.

 

Content Highlight: Icar Casillas unhappy that Real Madrid goalkeeper Thibout Courtois didn’t secure podium finish in Ballon d Or