| Tuesday, 3rd September 2024, 8:48 pm

'ഐ.സി-814 ദി കാണ്ഡഹാര്‍ ഹൈജാക്ക്' സീരീസ് വിവാദം; നെറ്റ്ഫ്ലിക്സിന് കേന്ദ്രത്തിന്റെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെടുത്താന്‍ അവകാശമില്ലെന്നാണ് കേന്ദ്രം നെറ്റ്ഫ്‌ലിക്‌സ് മേധാവിയെ അറിയിച്ചിട്ടുള്ളത്‌. പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്ത ‘ഐ.സി-814 ദി കാണ്ഡഹാര്‍ ഹൈജാക്ക്’ എന്ന സീരിസ് വിവാദമായതിന് പിന്നാലെയാണ് നടപടി.

സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹൈജാക്കര്‍മാരുടെ ഐഡന്റിറ്റി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ നെറ്റ്ഫ്ലിക്‌സ് മേധാവി മോണിക്ക ഷെര്‍ഗിലിനെ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

‘ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും എപ്പോഴും ബഹുമാനിക്കപ്പെടേണ്ട ഒന്നാണ്. സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് ഉള്ളടക്കങ്ങള്‍ കൃത്യമായി പരിശോധിക്കണം,’ എന്ന് മോണിക്ക ഷെര്‍ഗിലിന് മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

സീരിസിലെ ഹൈജാക്കര്‍മാര്‍ക്ക് ഭോല, ശങ്കര്‍ എന്നിങ്ങനെ പേര് നല്‍കിയതാണ് വിവാദത്തിന് കാരണമായത്. സീരിസിനും നെറ്റ്ഫ്‌ലിക്‌സിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

തീവ്രവലതുപക്ഷ ഹാന്‍ഡിലുകള്‍ സീരിസിനെതിരെ ബഹിഷ്‌ക്കരണാഹ്വാനം നടത്തുകയുമുണ്ടായി. ഹൈജാക്കിങ്ങിന് പിന്നില്‍ ഇസ്‌ലാം മതസ്ഥരാണെന്ന് പറയാന്‍ മടിയുള്ളതുകൊണ്ടാണ് ഹിന്ദു പേരുകള്‍ ഉപയോഗിച്ചതെന്നും സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശനമുയര്‍ത്തുകയുണ്ടായി.

അനുഭവ് സിന്‍ഹയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സീരീസാണ് ഐ.സി-814 ദി കാണ്ഡഹാര്‍ ഹൈജാക്ക്. ഓഗസ്റ്റ് 29നാണ് നെറ്റ്ഫ്ലിക്‌സ് സീരീസ് സ്ട്രീം ചെയ്തത്.

കാഠ്മണ്ഡുവില്‍ നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു ഭീകരസംഘടന ഹൈജാക്ക് ചെയ്യുന്നതിനെ പശ്ചാത്തലമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം പിന്നീട് അഫ്ഗാനിസ്ഥാനില്‍ ലാന്‍ഡ് ചെയ്യുന്നതാണ് സീരീസിന്റെ ഉള്ളടക്കം.

1999 ഡിസംബര്‍ 24ന് ഉണ്ടായ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് സീരീസ്. എന്നാല്‍ ഇബ്രാഹിം അത്തര്‍, ഷാഹിദ് അക്തര്‍ സെയ്ദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിവരാണ് യഥാര്‍ത്ഥത്തില്‍ വിമാനം റാഞ്ചിയതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇവര്‍ ഹൈജാക്കിങ്ങിനായി ഉപയോഗിച്ച വ്യാജ പേരുകളാണ് ശങ്കര്‍, ഭോല തുടങ്ങിയവയെന്നും കേന്ദ്ര മന്ത്രാലയം പ്രതികരിച്ചു.

Content Highlight: IC-814 The Kandahar Hijack Series Controversy; Center’s warning to Netflix

We use cookies to give you the best possible experience. Learn more