'വ്യാജ കോഡുകളായ ഹിന്ദു പേരുകള്‍ ഉണ്ടാക്കിയെടുത്തതല്ല'; നെറ്റ്ഫ്ലിക്സിനെ പിന്തുണച്ച് വിമാനത്തിലുണ്ടായിരുന്ന ദമ്പതികള്‍
national news
'വ്യാജ കോഡുകളായ ഹിന്ദു പേരുകള്‍ ഉണ്ടാക്കിയെടുത്തതല്ല'; നെറ്റ്ഫ്ലിക്സിനെ പിന്തുണച്ച് വിമാനത്തിലുണ്ടായിരുന്ന ദമ്പതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 9:00 pm

ന്യൂദല്‍ഹി: നെറ്റ്ഫ്‌ലിക്‌സ് സീരീസായ ഐ.സി-814 ദി കാണ്ഡഹാര്‍ ഹൈജാക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് രാകേഷ്, പൂജ കടാരിയ ദമ്പതികള്‍. നെറ്റ്ഫ്ലിക്‌സ് ആരെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും സത്യം പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചതെന്നും ഇരുവരും പറഞ്ഞു. 1999 ഡിസംബര്‍ 24ന് ഐ.സി-814 ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും.

വിമാനം ഹൈജാക്ക് ചെയ്തവര്‍ ഉപയോഗിച്ചിരുന്ന വ്യാജ കോഡുകള്‍ ഹിന്ദു പേരുകളാണെന്ന വിവാദത്തെ തുടര്‍ന്ന് നെറ്റ്ഫ്ലിക്‌സ് മേധാവിയെ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും പ്രതികരണം. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് നെറ്റ്ഫ്ലിക്‌സിനെ പിന്തുണച്ച് ദമ്പതികള്‍ സംസാരിച്ചത്.

വിമാനം ഹൈജാക്ക് ചെയ്തവരില്‍ രണ്ട് പേരുടെ കോഡ് ഭോല, ശങ്കര്‍ എന്നിങ്ങനെയായിരുന്നുവെന്ന് രാകേഷ് പറഞ്ഞു. എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്ത അഞ്ച് പേരും മുസ്‌ലിങ്ങളായിരുന്നെന്നും അവര്‍ ഉപയോഗിച്ചിരുന്ന വ്യാജ കോഡുകളായിരുന്നു ഈ ഹിന്ദു പേരുകളെന്നും ഇരുവരും പറഞ്ഞു.

കോഡായി ചിത്രീകരിച്ച പേരുകള്‍ നെറ്റ്ഫ്ലിക്‌സ് ഉണ്ടാക്കിയതല്ലെന്നും സത്യം പുറത്തുകാണിക്കാനാണ് പ്ലാറ്റ്ഫോം ശ്രമിച്ചതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. അതേസമയം നെറ്റ്ഫ്ലിക്‌സിലെ സീരീസ് തങ്ങള്‍ കാണില്ലെന്നും ഓര്‍ക്കാന്‍ താത്പര്യമില്ലാത്ത ഒരനുഭവമാണ് അന്നുണ്ടായതെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതിന്റെ ഓര്‍മക്കായി സൂക്ഷിച്ചിരുന്ന ചില വസ്തുക്കളും പൂജ ഇന്ത്യ ടുഡേയ്ക്ക് മുമ്പാകെ പങ്കുവെച്ചിരുന്നു . ഹൈജാക്കറില്‍ ഒരാളായ ബര്‍ഗര്‍ നല്‍കിയ ഓട്ടോഗ്രാഫുള്ള സ്‌കാഫായിരുന്നു ഒന്ന്.

‘പ്രിയപ്പെട്ട സഹോദരിക്കും മിടുക്കനായ ഭര്‍ത്താവിനും ബര്‍?ഗര്‍-30/12/1999’ എന്നാണ് ഹൈജാക്കര്‍ ഷോളില്‍ നീല മഷിയില്‍ എഴുതിയിരുന്നത്.

ഹിന്ദു പേരുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് മേധാവി മോണിക്ക ഷെര്‍ഗിലിനെ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെടുത്താന്‍ നെറ്റ്ഫ്ലിക്‌സിന് അവകാശമില്ലെന്ന് കേന്ദ്രം പ്ലാറ്റ്ഫോമിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

‘ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും എപ്പോഴും ബഹുമാനിക്കപ്പെടേണ്ട ഒന്നാണ്. സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് ഉള്ളടക്കങ്ങള്‍ കൃത്യമായി പരിശോധിക്കണം,’ എന്ന് മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ കേന്ദ്രത്തിന് നെറ്റ്ഫ്ലിക്‌സ് മറുപടി നല്‍കുകയും ചെയ്തു.

യഥാര്‍ത്ഥ സംഭവം ചിത്രീകരിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കോഡുകള്‍ ആയി ഉപയോഗിച്ച പേരുകള്‍ നെറ്റ്ഫ്ലിക്‌സ് ഉണ്ടാക്കിയെടുത്തതല്ലെന്നുമാണ് മോണിക്ക മറുപടി നല്‍കിയത്. വിഷയത്തെ കുറിച്ച് ആധികാരിമായി അറിയാത്തവര്‍ക്ക് വേണ്ടി സീരീസ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും മോണിക്ക പറയുകയുണ്ടായി.

അനുഭവ് സിന്‍ഹയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സീരീസാണ് ഐ.സി-814 ദി കാണ്ഡഹാര്‍ ഹൈജാക്ക്. ഓഗസ്റ്റ് 29നാണ് നെറ്റ്ഫ്ലിക്സ് സീരീസ് സ്ട്രീം ചെയ്തത്.

കാഠ്മണ്ഡുവില്‍ നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു ഭീകരസംഘടന ഹൈജാക്ക് ചെയ്യുന്നതിനെ പശ്ചാത്തലമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം പിന്നീട് താലിബാന്‍ നിയന്ത്രണത്തിലുള അഫ്ഗാനിസ്ഥാനില്‍ ലാന്‍ഡ് ചെയ്യുന്നതാണ് സീരീസിന്റെ ഉള്ളടക്കം.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ഇബ്രാഹിം അത്തര്‍, ഷാഹിദ് അക്തര്‍ സെയ്ദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിവരാണ് യഥാര്‍ത്ഥത്തില്‍ വിമാനം റാഞ്ചിയതെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നുണ്ട്. ഇവര്‍ ഹൈജാക്കിങ്ങിനായി ശങ്കര്‍, ഭോല എന്നീ വ്യാജ കോഡുകള്‍ ഉപയോഗിച്ചിരുന്നെന്നും കേന്ദ്രം പറഞ്ഞിരുന്നു.

Content Highlight: ic 814 survivors say netflix series shows truth