ലോകകപ്പ് ആര് നേടുമെന്ന് എഴുതപ്പെട്ട് കഴിഞ്ഞു: സ്ലാറ്റൻ ഇബ്രാഹിമോവിച്ച്
2022 Qatar World Cup
ലോകകപ്പ് ആര് നേടുമെന്ന് എഴുതപ്പെട്ട് കഴിഞ്ഞു: സ്ലാറ്റൻ ഇബ്രാഹിമോവിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th December 2022, 12:49 pm

ഖത്തർ ലോകകപ്പിൽ ആര് കിരീടം നേടുമെന്ന് ഇതിനകം എഴുതപ്പെട്ടു കഴിഞ്ഞെന്ന് സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. മികച്ച ഫോമിലാണ് അർജന്റീന ഖത്തറിൽ തുടരുന്നതെന്നും അതുകൊണ്ട് ലോകകപ്പ് ചാമ്പ്യന്മാരാകുന്നത് അവർ തന്നെയാണെന്നുമാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്.

സെമി ഫൈനൽ വരെ അർജന്റീനക്കായി മികച്ച പ്രകടനം കാഴ്ച വെച്ച ഇതിഹാസതാരം ലയണൽ മെസി കിരീടമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസിക്ക് ഈ വർഷം തന്റെ ആദ്യ ലോകകപ്പ് ട്രോഫി ഉയർത്താൻ കഴിയുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു.

ആരാണ് ചാമ്പ്യന്മാരാകുകയെന്ന് ഇതിനകം എഴുതപ്പെട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ ആരെ കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾക്ക് മനസിലായി കാണുമെന്നറിയാം. അർജന്റീനയുടെ സൂപ്പർതാരം മെസി ട്രോഫി ഉയർത്തുമെന്നാണ് ഞാൻ കരുതുന്നത്, സ്ലാറ്റൻ വ്യക്തമാക്കി.

ബാഴ്സലോണയിൽ മെസിയുടെ സഹതാരമായിരുന്നു ഇബ്രാഹിമോവിച്ച്. താരത്തിനും സ്വീഡനും ഇത്തവണ ലോകകപ്പിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.

അതേസമയം ഫൈനൽ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് മെസിയും സംഘവും. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടം നേടണമെന്നുള്ള അതിയായ ആ​ഗ്രഹത്തോടെയാണ് മെസി ഫൈനലിനിറങ്ങുക.

അടുത്ത ലോകകപ്പിന് ഇനിയുമൊരുപാട് വർഷങ്ങൾ കാത്തിരിക്കേണ്ടതായിട്ടുണ്ടെന്നും അന്നൊരുപക്ഷേ തനിക്ക് കളിക്കാൻ സാധിക്കുമോ എന്നറിയാത്തതിനാൽ ഈ ലോകകപ്പ് കിരീടം സ്വന്തമാക്കി സന്തോഷത്തോടെ മടങ്ങണമെന്നാണ് ആഗ്രഹമെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു. ക്രൊയേഷ്യക്കെതിരായ ജയത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെസി.

ഖത്തറിലേത് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ സൂചിപ്പിച്ചിരുന്നു.

എന്നാൽ വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടം ഉയർത്താനായില്ലെങ്കിൽ താരം 2026ലെ ലോകപ്പ് കൂടി കളിച്ചേക്കുമെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ നടന്ന സെമി ഫൈനൽ പോരാട്ടത്തിന് ശേഷം ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നാണ് മെസി പറഞ്ഞത്.

Content Highlights: Ibrahimovic about Lionel Messi