| Monday, 23rd December 2024, 11:22 am

ഇച്ചാക്കയുടെ ആ ചിത്രം കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പല അഭിപ്രായമായിരുന്നു; എല്ലാവരും പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു: ഇബ്രാഹിംകുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടികൊടുത്ത ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഫിലിം ഫെസ്റ്റിവിലുകളിലും തിയേറ്ററിലുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു. മലയാളിയായ ജെയിംസിനെയും തമിഴനായ സുന്ദരത്തേയും അവതരിപ്പിച്ച മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച വലിയ കയ്യടി നേടിയിരുന്നു.

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ഇബ്രാഹിംകുട്ടി. മമ്മൂട്ടിയുടെ വീട്ടിലെ തിയേറ്ററില്‍ ഇരുന്നാണ് നന്‍പകല്‍ നേരത്ത് മയക്കം കണ്ടതെന്നും സംവിധായകന്‍ ലിജോ അടക്കമുള്ളവര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നെന്നും ഇബ്രാഹിംകുട്ടി പറയുന്നു.

സിനിമ കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി എല്ലാവരോടും സിനിമ എങ്ങനെ ഉണ്ടെന്ന് ചോദിച്ചെന്നും അപ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം എല്ലാ വേര്‍ഷനും ശരിയാണെന്ന് ലിജോ പറഞ്ഞെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയുടെ വീട്ടിലെ തിയേറ്ററില്‍ ഇരുന്നാണ് ഞാന്‍ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രം കണ്ടത്. ഞാന്‍ മാത്രമല്ല ലിജോ അടക്കമുള്ള എല്ലാവരും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞിട്ട് ലിജോ ഞങ്ങളുടെ അടുത്ത് സിനിമ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഓരോരുത്തരുടെ വേര്‍ഷന്‍ ആണ് പറഞ്ഞത്.

എല്ലാവരുടെയും ശരിയാണെന്ന് പറഞ്ഞു. ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. അനിയന്‍ അനിയന്റെ അഭിപ്രായം പറഞ്ഞു. മക്ബൂല്‍ അവന്റെ പറഞ്ഞു. എല്ലാരും പറഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു നിങ്ങള്‍ എല്ലാവരും പറഞ്ഞത് ശരിയാണെന്ന്. ആ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നിയ വേര്‍ഷനാണ് ശരി,’ ഇബ്രാഹിംകുട്ടി പറഞ്ഞു.

Content Highlight: Ibrahimkutty Talks About Nanpakal Nerathu Mayakkam Movie

We use cookies to give you the best possible experience. Learn more