മികച്ച ചിത്രങ്ങളെ എപ്പോഴും അഭിനന്ദിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് നടൻ ഇബ്രാഹിംകുട്ടി. കാന്താര എന്ന ചിത്രം മമ്മൂട്ടിയുടെ വീട്ടിൽ വെച്ചാണ് എല്ലാവരും കണ്ടതെന്നും അദ്ദേഹം ചിത്രത്തെപ്പറ്റി വളരെ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ ചിത്രങ്ങൾ അങ്ങനെ തെരഞ്ഞെടുത്ത് കാണാറില്ല. എല്ലാം കാണും. കാന്താര ഞങ്ങൾ എല്ലാവരും ഇച്ചാക്കയുടെ വീട്ടിലെ തിയേറ്ററിൽ വെച്ചാണ് കണ്ടത്.
മൂപ്പർക്ക് വളരെ ഇഷ്ടമായി. ആ ഋഷഭ് ഷെട്ടിയെ സമ്മതിക്കണം, ക്ലൈമാക്സ് സൂപ്പർ ആണെന്നൊക്കെ പറയുന്നതുകേട്ടു. ഞങ്ങൾ എല്ലാ തരത്തിലുള്ള ചിത്രങ്ങളും കാണാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളെപ്പറ്റി വളരെ പോസിറ്റീവായി അഭിപ്രായങ്ങൾ പറയാറുമുണ്ട്.
നിങ്ങൾ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന മമ്മൂട്ടി എല്ലാ ചിത്രങ്ങൾ കാണുകയും അഭിപ്രായങ്ങൾ ഞങ്ങളോട് പറയാറുമുണ്ട്. ഭാഷാ വ്യത്യാസങ്ങൾ ഇല്ല. അത്തരത്തിൽ ഒരു ആറ്റിറ്റ്യൂഡിലാണ് ഞങ്ങൾ എല്ലാവരും സിനിമകൾ കാണുന്നത്,’ ഇബ്രാഹിംകുട്ടി പറഞ്ഞു.
അഭിമുഖത്തിൽ റിലീസാകാൻ പോകുന്ന ചിത്രങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സിനിമകൾ അവാർഡുകൾ വാങ്ങിക്കുമോയെന്നതിനേക്കാൾ കൂടുതൽ അത് ജനങ്ങൾ എങ്ങനെ ഏറ്റെടുക്കുമെന്നാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘റിലീസിനൊരുങ്ങുന്ന ഞങ്ങളുടെ എല്ലാവരുടെയും ചിത്രങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ബിലാൽ, കാതൽ എന്നിങ്ങനെ എല്ലാ ചിത്രങ്ങളും. ഓരോ ചിത്രങ്ങളും ഇറങ്ങുമ്പോൾ വളരെ ടെൻഷനാണ്. ചിത്രം ഓടുമോ, പണം കിട്ടുമോ എന്നുള്ളതല്ല നമ്മുടെ പേടി. ജനങ്ങൾ ഇതെങ്ങനെ സ്വീകരിക്കും എന്നുള്ളതാണ്. അവാർഡ് കിട്ടുക എന്നുള്ളതിലും ഉപരി പൊതുജനം ഇതിനെ സ്വീകരിക്കുമോ എന്നുള്ളതിലാണ് കാര്യം.
ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത, വരുന്നുണ്ട്. ഞങ്ങളുടെ മനസ്സിൽ ഈശ്വര സൂപ്പറാകണേ എന്നുള്ള ചിന്തയാണ്,’ ഇബ്രാഹിംകുട്ടി പറഞ്ഞു.