മമ്മൂട്ടിയുടെ അനിയനായതുകൊണ്ട് ഒരു സ്‌പെഷ്യല്‍ കണ്‍സിഡറേഷനൊക്കെ കിട്ടിയിട്ടുണ്ടെന്നും കൃഷിയും കച്ചവടവുമൊക്കെയുളള ഒരു കുടുംബമായിരുന്നു തങ്ങളുടേതെന്നും ഇബ്രാഹിംകുട്ടി.
മമ്മൂട്ടി അഭിനയിക്കാന്‍ പോകുമ്പോള്‍ കുടുംബത്തില്‍ നിന്ന് വലിയ എതിര്‍പ്പുകളൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇച്ചാക്കയുടെ അനിയനായതുകൊണ്ട് ഒരു സ്‌പെഷ്യല്‍ കണ്‍സിഡറേഷനൊക്കെ കിട്ടിയിട്ടുണ്ട്. അനിയന്‍ എന്ന നിലയ്ക്ക് ഞാന്‍ വളരെ കംഫര്‍ട്ടബിളായിരുന്നു. എല്ലാ ഫാമിലിയിലെയും മൂത്തസഹോദരനെ പോലെതന്നെയായിരുന്നു ഇച്ചാക്കയും. ഞാനെന്തങ്കിലും കുഴപ്പം കാണിച്ചാലുമൊക്കെ അതിനൊക്കെ ഉത്തരം പറയേണ്ടിയിരുന്നത് മൂത്തസഹോദരനെന്ന നിലയില്‍ ഇച്ചാക്കയായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ വളരെ സേഫായിരുന്നു. എന്ന് വെച്ച് ഞാന്‍ കുരുത്തക്കേടൊന്നും ചെയ്യാന്‍ പോയിട്ടില്ല. ഞങ്ങള്‍ ആറു മക്കളായിരുന്നു.
കുടുംബത്തിലുള്ളയൊരാള്‍ സിനിമയിലുളളത് കൊണ്ട് മാത്രം സിനിമപ്രവേശനം അത്ര എളുപ്പമല്ലെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. ഇന്നത്തെക്കാലത്ത് സിനിമയില്‍ അവസരം കിട്ടാന്‍ എളുപ്പമാണെങ്കിലും നിലനില്‍ക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ കുടുംബത്തിലുള്ളയൊരാള്‍ സിനിമയിലുളളത് കൊണ്ട് ആ ജോലിയിലേക്ക് തന്നെ കുടുംബത്തിലുള്ള മറ്റൊരാളും വരുകയെന്നത് അത്ര എളുപ്പമൊന്നുമല്ല. പഴയ കാലമൊന്നുമല്ലയിത്. പണ്ടൊക്കെ ഒരു സിനിമയില്‍ അവസരം കിട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഇപ്പോളതല്ല സ്ഥിതി. ഇന്ന് സിനിമയില്‍ അവസരം കിട്ടാന്‍ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ നിലനില്‍ക്കാനാണ് പ്രയാസം.
എന്റെ ഭാഗത്തുനിന്നും അങ്ങനെ കാര്യമായ ശ്രമമൊന്നുമുണ്ടായില്ല. അവനവനെയൊന്ന് പ്രദര്‍ശിപ്പിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അങ്ങനെ ചെറുതായൊരാഗ്രഹം ഉണ്ടായിരുന്നു എന്നല്ലാതെ വലുതായൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല ഞാന്‍ ഭയങ്കര സ്റ്റേജ് ഫിയറുള്ളയാളായിരുന്നു, ‘ ഇബ്രാഹിം കുട്ടി പറഞ്ഞു.
കൃഷിയും കച്ചവടവുമൊക്കെയുളള ഒരു കുടുംബമായിരുന്നു തങ്ങളുടേതെന്നും ഓര്‍ത്തഡോക്‌സ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബാപ്പയായിരുന്നു തങ്ങളെയൊക്കെ സിനിമ കാണിക്കാന്‍ കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
‘ കൃഷിയും കച്ചവടവുമൊക്കെയുളള ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. ചെമ്പ് എന്നായിരുന്നു ഞങ്ങളുടെ ഗ്രാമത്തിന്റെ പേര്. അത്യാവശ്യം അറിയപ്പെടുന്നതും പ്രമാണിത്വവുമൊക്കെയുള്ളൊരു കുടുംബമായിരുന്നു ഞങ്ങളുടേത്. ഓര്‍ത്തഡോക്‌സ് ആയിരുന്നു.
മതപരമായ കാര്യങ്ങളൊക്കെ ഞങ്ങള്‍ കൃത്യമായി ഫോളോ ചെയ്തിരുന്നു. അതിന്റെയൊക്കെയിടയിലും ഞങ്ങള്‍ സിനിമ കാണുകയും ഉത്സവങ്ങള്‍ കാണുകയുമൊക്കെ ചെയ്തിരുന്നു.
അതിനൊന്നും വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നില്ല. ഇച്ചാക്ക അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ റിലേറ്റീവ്‌സിന്റെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പുകളൊന്നുമുണ്ടായില്ല. അന്നൊക്കെ സിനിമ കാണാന്‍ ഞങ്ങള്‍ കുറച്ചധികം ദൂരം പോകേണ്ടിയിരുന്നു.
സിനിമയൊക്കെ കണ്ട് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഉറങ്ങിപ്പോയാല്‍ തോളിലേറ്റിക്കൊണ്ടുവരാന്‍ കൂടെ വേറെ ആളെയും കൊണ്ടുപോകുമായിരുന്നു. ബാപ്പയായിരുന്നു ഞങ്ങളെ സിനിമയ്ക്ക് കാണിക്കാന്‍ കൊണ്ടുപോയിരുന്നത്, ‘ ഇബ്രാഹിം കുട്ടി പറഞ്ഞു.
Content Highlights: Ibrahimkutty about Mammootty