| Saturday, 27th May 2023, 9:21 am

'ഇച്ചാക്ക' എന്നാണ് ഞങ്ങൾ വിളിക്കുന്നത്, വേറെ ആരും അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല, ലാൽ വിളിക്കും ആ പേര്: ഇബ്രാഹിംകുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ അനിയൻ എന്ന നിലയിൽ പരിഗണനകൾ ലഭിച്ചിട്ടുണ്ടെന്ന് നടൻ ഇബ്രാഹിംകുട്ടി. മമ്മൂട്ടിയെ ഇച്ചാക്ക എന്ന് ബന്ധുക്കളും മോഹൻലാലും മാത്രം വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ട്ടമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയുടെ അനിയൻ എന്ന നിലയിൽ പരിഗണനകൾ കിട്ടിയിട്ടുണ്ട്. നമ്മൾ നിൽക്കേണ്ടപോലെ നിൽക്കണം. അതുകൂടാതെ എനിക്ക് എന്റേതായ സ്ഥാനങ്ങളും ഉണ്ട്. ഞാൻ എല്ലാം ആസ്വദിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിൽ, താൻ മമ്മൂട്ടിയെ ‘ഇച്ചാക്ക’ എന്നാണു വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇച്ചാക്ക എന്ന പേര് അടുത്ത ബന്ധുക്കൾ മാത്രം വിളിക്കുന്നതാണ് അദ്ദേഹത്തിന് (മമ്മൂട്ടി) ഇഷ്ടമെന്നും മോഹൻലാലും അദ്ദേഹത്തെ ഇച്ചാക്ക എന്നാണ് വിളിക്കുന്നതെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.

‘ഇച്ചാക്ക എന്നാണ് അദ്ദേഹത്തെ ഞങ്ങൾ വിളിക്കുന്നത്. ചെറുപ്പം മുതൽ അങ്ങനെയാണ് വിളിക്കുന്നത്. ഇക്കാക്ക എന്നുള്ളത് കൊഞ്ചി വിളിച്ചപ്പോൾ വന്ന പേരാകാം അത്. ഞങ്ങൾ എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്. വേറെ ആരും അങ്ങനെ വിളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. പിന്നെ ലാൽ (മോഹൻ ലാൽ) വിളിക്കും ആ പേര്.

നാട്ടുകാർ ഒക്കെ ഇച്ചാക്ക എന്ന് പറയും, പക്ഷെ ഞങ്ങൾ മാത്രം അങ്ങനെ വിളിക്കുന്നതാണ് പുള്ളിക്കിഷ്ടം,’ അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായിട്ട് സിനിമയിൽ അഭിനയിക്കുന്നതെന്നും നടൻ സത്യൻ ഉറങ്ങിക്കിടന്നപ്പോൾ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിച്ചിട്ടാണ് അഭിനയിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ആദ്യമായിട്ട് സിനിമയിൽ അഭിനയിക്കുന്നത്. ചേർത്തലയിൽ ഷൂട്ട്‌ നടക്കുമ്പോൾ സേതുമാധവനെ കണ്ട് അദ്ദേഹം അഭിനയിക്കാൻ ചാൻസ് ചോദിച്ചു. അങ്ങനെയാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ അഭിനയിച്ചത്. സത്യന്റെ കാലിൽ തൊട്ട് വന്ദിച്ചിട്ടാണ് പുള്ളി അഭിനയിക്കാൻ തുടങ്ങിയത്. സത്യൻ ഉറങ്ങികിടക്കുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം അറിഞ്ഞിരുന്നില്ല. ഈ സംഭവമാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഓർമ വരുന്നത്,’ ഇബ്രാഹിംകുട്ടി പറഞ്ഞു.

Content Highlights: Ibrahimkutti on Mammootty

We use cookies to give you the best possible experience. Learn more