ഖത്തര്‍ ലോകകപ്പ് ഫൈനലിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ടീം ഫ്രാന്‍സ് വലിയ പ്രതിസന്ധിയിലാണ്. ടീമിലെ ചില താരങ്ങള്‍ക്ക് വൈറസ് ബാധിച്ചതായി കോച്ച് ദിദിയര്‍ ദെഷാംപ്‌സ് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉടന്‍ തന്നെ ആരോഗ്യവാന്മാരായി പരിശീലനത്തിന് ഇറങ്ങുമെന്നും പറഞ്ഞിരുന്നു.
എന്നാലിപ്പോള്‍ ഫ്രഞ്ച് നിരയില്‍ രണ്ട് പ്രധാന താരങ്ങള്‍ക്ക് കൂടി വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സെന്റര്‍ ബാക്ക് പെയര്‍ ആയ റാഫേല്‍ വരാനെയും ഇബ്രാഹിമ കൊനാറ്റയുമാണ് ഇപ്പോള്‍ അസുഖ ബാധിതരായിരിക്കുന്നത്. ഇരുവരും പരിശീലനത്തിന് ഇറങ്ങുന്നില്ല. ഇവരെ രണ്ടു പേരെയും പ്രത്യേക റൂമുകളിലേക്കും മാറ്റിയിട്ടുണ്ട്.
ദെഷാംപ്‌സ് തന്നെയാണ് വിവരം പുറത്തുവിട്ടത്. ഈ വൈറസ് ബാധിക്കുന്നവര്‍ക്ക് വലിയ ക്ഷീണം അനുഭവപ്പെടുന്നതായും മുഴുവന്‍ സമയം എയര്‍കണ്ടീഷനിലാണ് കളിക്കാരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും കോച്ച് വെളിപ്പെടുത്തി.
താരങ്ങള്‍ അസുഖം മാറി ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ അര്‍ജന്റീനയ്‌ക്കെതിരായ ഫൈനലില്‍ കളിക്കാന്‍ സാധിക്കില്ല. നേരത്തേ മധ്യനിരതാരം അഡ്രിയന്‍ റാബിയോട്ട്, പ്രതിരോധനിരതാരം ഡാലോട്ട് ഉപമെക്കാനോ എന്നിവര്‍ക്കും അസുഖം ബാധിച്ചിരുന്നു. ഇവര്‍ സെമിഫൈനലില്‍ മൊറോക്കോക്കെതിരേ കളിച്ചിരുന്നില്ല.
സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ചിലര്‍ക്കും ഇതേ പ്രശ്നങ്ങളുണ്ട്. ഖത്തറില്‍ കളി കാണാനെത്തിയ നിരവധി യൂറോപ്യന്‍ ആരാധകര്‍ക്കും സമാനമായ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം. യൂറോപ്പിലെ കാലാവസ്ഥയുമായുള്ള വ്യത്യാസമായിരിക്കാം കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അതേസമയം, 60 വര്‍ഷത്തിനിടയില്‍ ആദ്യമായി ലോക കിരീടം നിലനിര്‍ത്തുന്ന ടീം എന്ന നേട്ടം കൂടി സ്വന്തമാക്കാനാണ് ഫ്രാന്‍സ് ഫൈനല്‍ പോരിനിറങ്ങുന്നത്. എതിരാളികളായ ടീം അര്‍ജന്റീന തയ്യാറെടുപ്പിലേക്ക് കടന്ന് കഴിഞ്ഞു. ഏയ്ഞ്ചല്‍ ഡി മരിയ പൂര്‍ണമായി കായിക ക്ഷമത വീണ്ടെടുത്തത് അര്‍ജന്റീനക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.
പരിശീലനത്തിനിറങ്ങിയ ഡി മരിയ ഫൈനലിന് സജ്ജമാണ്. പരേഡസിന് പകരം അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ഡി മരിയ എത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ കളിച്ചിവരുന്നവര്‍ക്ക് ഇന്നലെ പരിശീലനത്തില്‍ നിന്ന് അവധി നല്‍കിയിരുന്നു.
Content Highlights: Ibrahima Konate and Raphael Varane are the latest players to fall victim to a virus