| Tuesday, 7th November 2023, 8:19 pm

വെറും മൂന്ന് റണ്‍സില്‍ രണ്ടാമന്‍; അഫ്ഗാന്റെ ചരിത്ര സെഞ്ച്വറിയില്‍ വീണത് ശിഖര്‍ ധവാനും

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് അഫ്ഗാന്‍ സൂപ്പര്‍ താരം ഇബ്രാഹിം സദ്രാന്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു അഫ്ഗാന്‍ താരം നേടുന്ന ആദ്യ സെഞ്ച്വറി നേട്ടമാണിത്.

143 പന്തില്‍ നിന്നും പുറത്താകാതെ 129 റണ്‍സാണ് സദ്രാന്‍ നേടിയത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു സദ്രാന്റെ ഇന്നിങ്‌സ്. 90.21 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സദ്രാന്‍ റണ്ണടിച്ചുകൂട്ടിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സദ്രാനെ തേടിയെത്തിയിരുന്നു. ലോകകപ്പ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കണ്ടെത്തുന്ന രണ്ടാമത് താരം എന്ന റെക്കോഡാണ് സദ്രാന്‍ സ്വന്തമാക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടുകൊണ്ടാണ് സദ്രാന്‍ രണ്ടാം സ്ഥാനത്തേക്ക് നടന്നുകയറിയത്.

1999ല്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഓസീസിനെതിരെ 132 റണ്‍സടിച്ച സിംബാബ്‌വന്‍ താരം നീല്‍ ജോണ്‍സന്റെ പേരിലാണ് ഈ റെക്കോഡ് ഇപ്പോഴുമുള്ളത്. 2019 ലോകകപ്പില്‍ കങ്കാരുക്കള്‍ക്കെതിരെ 117 റണ്‍സാണ് ധവാന്‍ നേടിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മറ്റൊരു നേട്ടവും സദ്രാനെ തേടിയെത്തിയിരുന്നു. ലോകകപ്പ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന അഞ്ചാമത് ഓപ്പണര്‍ എന്ന നേട്ടമാണ് സദ്രാന്‍ സ്വന്തമാക്കിയത്.

നീല്‍ ജോണ്‍സണും ശിഖര്‍ ധവാനും പുറമെ പ്രോട്ടിയാസ് താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക് (109), ഹെര്‍ഷല്‍ ഗിബ്‌സ് (101) എന്നിവരാണ് ഓസീസിനെതിരെ ലോകകപ്പില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മറ്റ് ഓപ്പണര്‍മാര്‍.

സദ്രാന്റെ സെഞ്ച്വറിയുടെയും സൂപ്പര്‍ താരം റാഷിദ് ഖാന്റെ കാമിയോയുടെയും ബലത്തില്‍ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയിരുന്നു. 18 പന്തില്‍ നിന്നും പുറത്താകാതെ 35 റണ്‍സാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്.

അതേസമയം, അഫ്ഗാനിസ്ഥാന്‍ മറ്റൊരു ഐതിഹാസിക ജയത്തിനരികിലാണ്. 292 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 20 ഓവര്‍ പിന്നിടുമ്പോള്‍ 98 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലാണ്. 28 പന്തില്‍ 24 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും 7 പന്തില്‍ 5 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.

റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമറാസി, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ്, മാര്‍കസ് സ്റ്റോയ്നിസ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരുടെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.

Content highlight: Ibrahim Zadran surpassed Shikhar Dhawan

We use cookies to give you the best possible experience. Learn more