| Tuesday, 24th October 2023, 7:42 am

മാച്ച് വിന്നിങ് അവാര്‍ഡ് അഫ്ഗാനിലെ അഭയാര്‍ത്ഥികള്‍ക്ക്; ചരിത്രവിജയത്തില്‍ സ്വന്തം ജനതയെ ചേര്‍ത്ത്പിടിച്ച് സദ്രാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് മറ്റൊരു അട്ടിമറിവിജയം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. എട്ട് വിക്കറ്റുകള്‍ക്കായിരുന്നു അഫ്ഗാന്റെ ചരിത്രവിജയം.

മത്സരത്തില്‍ 87 റണ്‍സ് നേടികൊണ്ട് ഇബ്രാഹിം സദ്രാന്‍ അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 113 പന്തില്‍ 87 റണ്‍സാണ് സദ്രാന്‍ നേടിയത്. പത്ത് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ തകര്‍പ്പന്‍ ഇന്നിങ്സ്.

ഈ അവിസ്മരണീയ ഇന്നിങ്സിലൂടേ കളിയിലെ മാന്‍ ഓഫ് ദി അവാര്‍ഡും അഫ്ഗാന്‍ ബാറ്ററെ തേടിയെത്തി.

എന്നാല്‍ മത്സരത്തില്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തം ജനതക്ക് സമര്‍പ്പിക്കുകയായിരുന്നു സദ്രാന്‍. മാച്ച് വിന്നിങ് അവാര്‍ഡ് പാകിസ്ഥാനിലേക്ക് തിരിച്ചയച്ച അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്കാണ് താരം നല്‍കിയത്.

‘പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിലേക്ക് തിരിച്ചയച്ച ആളുകള്‍ക്ക് ഞാന്‍ POTM അവാര്‍ഡ് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു,’ ഇബ്രാഹിം സദ്രാന്‍ മത്സരശേഷം പറഞ്ഞു.

പാകിസ്ഥാനില്‍ താമസിക്കുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥിള്‍ നവംബര്‍ 1നുള്ളില്‍ രാജ്യം വിടണമെന്നും അല്ലെങ്കില്‍ നാടുകടത്തേണ്ടിവരുമെന്നും പാകിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി അഫ്ഗാന്‍ പൗരന്മാര്‍ ഇസ്ലാമാബാദ് വിട്ടിരുന്നു.

അതേസമയം ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കുകയായിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ പാകിസ്ഥാനെതിരെയുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമായിരുന്നു ഇത്.

ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് അഫ്ഗാന് മുന്നില്‍ പാക് ടീം കെട്ടിപടുത്തുയര്‍ത്തിയത്. ബാറ്റിങ് നിരയില്‍ നായകന്‍ ബാബര്‍ അസം 78 റണ്‍സും ഷഫീക് 58 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അഫ്ഗാന്‍ ബൗളിങ് നിരയില്‍ നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റും നവീന്‍ ഉള്‍ ഹക്ക് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ ഗുര്‍ബാസ് 65 റണ്‍സും ഇബ്രാഹിം സദ്രാന്‍ 87 റണ്‍സും നേടി മികച്ച തുടക്കമാണ് നല്‍കിയത്. ഇവര്‍ക്ക് പുറമെ റഹ്‌മത്ത് 77 റണ്‍സും നായകന്‍ ഷാഹിദി 48 റണ്‍സും നേടിയപ്പോള്‍ അഫ്ഗാന്‍ എട്ട് വിക്കറ്റിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കുകയായിരുന്നു.

നേരത്തേ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചുകൊണ്ടും അഫ്ഗാന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ പാകിസ്ഥാനെയും വീഴ്ത്തികൊണ്ട് അഫ്ഗാന്‍ സ്വപ്നതുല്യമായ കുതിപ്പാണ് നടത്തിയത്.

Content Highlight: Ibrahim Zadran dedicates his man of the match award to Afghan refugees.

We use cookies to give you the best possible experience. Learn more