ഐ.സി.സി ലോകകപ്പിന്റെ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമായി ഇബ്രാഹിം സദ്രാന്‍. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് സദ്രാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
143 പന്തില്‍ നിന്നും പുറത്താകാതെ 129 റണ്‍സാണ് സദ്രാന്‍ നേടിയത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം 90.21 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സദ്രാന്റെ ബാറ്റിങ് പ്രകടനം.
HUNDRED! 💯💯@IZadran18 creates HISTORY in Mumbai as he becomes the 1st-ever Afghan batter to bring up a Century in the World Cup. Incredible stuff this is from the youngster! 👏🤩
കൃത്യമായ ഇടവേളകളില്‍ ഓസ്‌ട്രേലിയ വിക്കറ്റ് വീഴ്ത്തിയതോടെ അഫ്ഗാന്‍ സ്‌കോറിങ്ങിന് പ്രതീക്ഷിച്ച വേഗം ലഭിച്ചില്ല. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് സദ്രാന്‍ ഉറച്ചുനിന്നു.
എന്നാല്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ റാഷിദ് ഖാന്‍ സ്‌കോറിങ്ങിന് വേഗം കൂട്ടി. 18 പന്തില്‍ നിന്നും മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം പുറത്താകാതെ 35 റണ്‍സാണ് റാഷിദ് ഖാന്‍ നേടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 291 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. സദ്രാനും റാഷിദിനും പുറമെ റഹ്‌മത് ഷാ (44 പന്തില്‍ 30), ഹഷ്മത്തുള്ള ഷാഹിദി (43 പന്തില്‍ 26), അസ്മത്തുള്ള ഷാഹിദി (18 പന്തില്‍ 22) എന്നിവരാണ് അഫ്ഗാന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.
ഐതിഹാസിക സെഞ്ച്വറി നേട്ടത്തിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടുള്ള നന്ദി അറിയിക്കാനും സദ്രാന്‍ മറന്നില്ല. മത്സരത്തിന് മുമ്പ് സച്ചിന്‍ അഫ്ഗാന്‍ താരങ്ങളെ നേരില്‍ കാണുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
‘ഞാന്‍ കഴിഞ്ഞ ദിവസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എന്നെ ഏറെ സഹായിച്ചു. അദ്ദേഹം 24 വര്‍ഷം ക്രിക്കറ്റ് കളിച്ചയാളാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഞങ്ങളുമായി പങ്കുവെച്ചതില്‍ ഏറെ നന്ദിയുണ്ട്. അത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായകമായി,’ സദ്രാന്‍ പറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ നേട്ടത്തിന് പിന്നാലെ സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സദ്രാന്‍ പറഞ്ഞു.
‘പാകിസ്ഥാനെതിരായ പ്രകടനത്തിന് പിന്നാലെ അടുത്ത മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു,’ സദ്രാന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 16 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 13 പന്തില്‍ 13 റണ്‍സുമായി ഡേവിഡ് വാര്‍ണറും മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍.
Content Highlight: Ibrahim Sadran becomes the first Afghanistan batter to score a century in World Cup