| Monday, 20th May 2024, 7:15 pm

ഇബ്രാഹിം റഈസിയുടെ മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഃഖാചരണം. ഇതിന്റെ ഭാഗമായി നാളത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും കേന്ദ്രം അറിയിച്ചു.

അന്താരാഷ്ട്ര തലത്തിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ഇബ്രാഹിം റഈസിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചിരുന്നു. റഈസിയുടെ മരണത്തില്‍ അതീവദുഃഖമുണ്ടെന്നും, ഈ വിഷമ ഘട്ടത്തില്‍ ഇന്ത്യ ഇറാനൊപ്പം നില്‍ക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാന്‍ പ്രസിഡന്റിന്റെ വിയോഗത്തില്‍ സംസ്ഥാനത്തും നാളെ ദുഃഖാചരണത്തിന് തീരുമാനമെടുത്തു. കേന്ദ്ര ഉത്തരവിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കി. ജില്ലാ കളക്ടര്‍മാര്‍ക്ക് ദേശീയ പതാക താഴ്ത്തിക്കെട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി എച്ച്. അമീര്‍-അബ്ദുള്ളാഹിയയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും അസര്‍ബൈജാനുമായുള്ള രാജ്യാതിര്‍ത്തി സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.

Content Highlight: Ibrahim Raizi’s death will be mourned tomorrow in India

We use cookies to give you the best possible experience. Learn more