ആളുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഡ്രസ്സ് ഇടണമെന്ന് മമ്മൂട്ടിക്ക് എപ്പോഴും നിര്‍ബന്ധമുള്ള കാര്യമാണെന്ന് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. അതുകൊണ്ടുതന്നെ ഡ്രസ്സിങ്ങിന്റെ കാര്യത്തില്‍ മമ്മൂട്ടി വളരെയധികം അപ്പ്ഡേറ്റഡ് ആണെന്നും പാരീസില്‍ ഒരു ട്രെന്‍ഡ് ഇറങ്ങുമ്പോള്‍ തന്നെ അദ്ദേഹം ഇവിടെ പരീക്ഷിക്കുമെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിം കുട്ടി പറഞ്ഞു.
‘ഫാഷനിലൊക്കെ ഭയങ്കര അപ്ഡേറ്റഡ് ആണ് ഇച്ചാക്ക. ഭയങ്കര കോണ്‍ഷ്യസ് ആണ്. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പ്രസന്റബിള്‍ ആകുക, അല്ലെങ്കില്‍ ആളുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ ആകുക എന്നൊക്കെ ഉള്ളത് പുള്ളിക്ക് നിര്‍ബന്ധമാണ്. ഡ്രസിന്റെ കാര്യത്തില്‍ ഭയങ്കര അപ്പ്ഡേറ്റഡ് ആണ്. പാരിസിലോക്കെ ഓരോന്ന് ഇറങ്ങുമ്പോഴേക്കും പുള്ളി ഇവിടെ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടാകും.
പിന്നെ പുള്ളിക്ക് എന്ത് വേഷം ഇട്ടാലും നന്നായി ചേരും. ചില ലൂസ് ഷര്‍ട്ടൊക്കെ ഇട്ട് വരുമ്പോള്‍ ഞാന്‍ പറയും ഇതൊക്കെ പുള്ളിക്കെ ചേരുള്ളു എന്ന്. ഞാനൊക്കെ ലൂസ് ഷര്‍ട്ട് ഇട്ട് കഴിഞ്ഞാല്‍ വേറൊരു കോലം ആകും. മൂപ്പര്‍ സ്യൂട്ട് ഇട്ടാലും, കൈലി മുണ്ട് ഉടുത്താലും ചേരും. അത് പുള്ളിയുടെ ശരീര പ്രകൃതി അങ്ങനെയാണ്,’ ഇബ്രാഹിം കുട്ടി പറഞ്ഞു.
മമ്മൂട്ടിക്ക് സിനിമയോടുള്ള ആവേശത്തെ പറ്റിയും ഇബ്രാഹിം കുട്ടി സംസാരിച്ചു. ‘മമ്മൂട്ടി 38 സിനിമകള്‍ വരെ ചെയ്ത വര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ആറു ദിവസം കൊണ്ടോക്കെ ഒരു സിനിമ കഴിയും. ഗീതം എന്ന് പറയുന്ന സിനിമയൊക്കെ ആറു ദിവസം കൊണ്ട് ഷൂട്ടിങ് കഴിഞ്ഞിട്ടുണ്ട്. അതുപൊലെ ഒരു ഓണക്കാലത്ത്, അഞ്ച് സിനിമകളൊക്കെ ഒരുമിച്ച് റിലീസ് ചെയ്തിട്ടുണ്ട്. ആവനാഴി, പൂവിനു പുതിയ പൂന്തെന്നല്‍, നന്ദി വീണ്ടും വരിക, സായം സന്ധ്യ, അന്യായ വിധി. ഓണത്തിന് മമ്മൂട്ടിയുടെ അഞ്ച് സിനിമകള്‍.
ആ സമയത്ത് പുള്ളിയെ കാണുന്നത് തന്നെ അപൂര്‍വ്വം ആണ്. അന്ന് ഞങ്ങള്‍ ചെമ്പില്‍ ആണ് താമസിക്കുന്നത്. അപ്പോള്‍ പുള്ളി വരും ഉപ്പയേയും ഉമ്മയേയും കാണാന്‍. ഒരുപാട് വൈകും, കാരണം ഷൂട്ടിങ് ഒക്കെ അല്ലെ. ആക്രാന്തം ഇപ്പോഴും മാറിയിട്ടില്ലല്ലോ. അഭിനയിക്കണം പുതിയ സിനിമകള്‍ ചെയ്യണം.
സിനിമയില്‍ അഭിനയിച്ചിട്ട് പുള്ളിക്ക് ഇപ്പോഴും കൊതി മാറിയിട്ടില്ല. പള്ളി ഭയങ്കര എക്സൈറ്റഡ് ആണ്. അപ്പോള്‍ നമുക്ക് തോന്നും ഈ പുള്ളിക്ക് ഇത് വരെ മടുത്തില്ലെ സിനിമ അഭിനയിച്ച് എന്ന്. ഒരു പുതിയ സിനിമ ചെയ്യാന്‍ പോകുമ്പോഴുള്ള ആവേശം കാണണം,’ ഇബ്രാഹിം കുട്ടി പറഞ്ഞു.
Content Highlight: ibrahim kutty talks about the fashion sense of mammootty