Advertisement
Entertainment
കുറച്ച് ചമ്മലുള്ള ആളാണ് ലാല്‍; പുറത്തുകാണുന്നതിന് അപ്പുറത്തേക്ക് ലാലും ഇച്ചാക്കയുമായി സൗഹൃദമുണ്ട്: ഇബ്രാഹിംകുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 18, 07:17 am
Wednesday, 18th December 2024, 12:47 pm

തന്റെ സൗഹൃദങ്ങളെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് ഇബ്രാഹിംകുട്ടി. എപ്പോഴും കുറച്ച് ചമ്മലുള്ള ആളാണ് മോഹന്‍ലാലെന്നും സുഖമാണോ എന്നതിനപ്പുറം ഇരുവരും തമ്മില്‍ അധികം സംസാരങ്ങള്‍ ഉണ്ടാകാറില്ലെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. മമ്മൂട്ടിയുമായി മോഹന്‍ലാലിന് വളരെ അടുത്ത സൗഹൃദമാണുള്ളതെന്നും വീട്ടില്‍ വന്നാല്‍ മോഹന്‍ലാല്‍ എപ്പോഴും മമ്മൂട്ടിയുടെ കൂടെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ എന്ന മാധ്യമത്തിനപ്പുറം പലരുമായി തനിക്ക് സൗഹൃദമുണ്ടെന്നും ഗണേഷ് കുമാര്‍, മുരളി, ബൈജു, മഹേഷ്, വിജയരാഘവന്‍, ലാലു അലക്‌സ്, അംബിക, സീമ തുടങ്ങിയവരായി ആദ്യകാലങ്ങളില്‍ നല്ല കമ്പനി ആയിരുന്നെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. അംബികയുടെയും മുകേഷിന്റെയുമെല്ലാം കല്യാണത്തിന് വീഡിയോ എടുത്തതും താനാണെന്ന് അദ്ദേഹം പറയുന്നു. ന്യൂസ് അറ്റ് ഹൗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇബ്രാഹിംകുട്ടി.

‘എപ്പോഴും കുറച്ച് ചമ്മലുള്ള ആളാണ് ലാല്‍. അധികം സംസാരിക്കാറൊന്നും ഇല്ല. അണ്ണാ എന്നാണ് എന്നെ വിളിക്കുന്നത്. അണ്ണാ എന്താ വിശേഷം എന്ന് ചോദിക്കുന്നതിന് അപ്പുറത്തേക്ക് സിനിമാ കഥകളൊന്നും പറയാറൊന്നും ഇല്ല. ഇച്ചാക്ക ലാലുമായിട്ടാണ് സംസാരം. ലാല്‍ വീട്ടില്‍ വന്നാല്‍ എപ്പോഴും ഇച്ചാക്കയുടെ അടുത്താണ് ഇരിക്കുക.

പുറത്തുകാണുന്നതിന് അപ്പുറത്തേക്ക് അവര്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിപ്പോള്‍ നമ്മളുമായിട്ടും ഉണ്ട്. സിനിമ എന്ന മാധ്യമത്തിന് അപ്പുറത്തേക്ക് ബന്ധങ്ങളുണ്ട്. അതിന് സിനിമ ഒരു തടസമാകുന്നില്ല. അതുപോലെതന്നെയാണ് എനിക്ക് ഗണേഷ് കുമാറും ആയിട്ടുള്ളതും. ഗണേഷിനോടൊക്കെ ചോദിച്ചാല്‍ അറിയാം മഹാനഗരത്തിന്റെ ഷൂട്ടെല്ലാം നടക്കുമ്പോള്‍ ആ ഹോട്ടല്‍ മുറിയില്‍ എന്ത് ബഹളമായിരുന്നെന്ന്.

ഗണേഷ് മാത്രമല്ല മുരളി, ബൈജു, മഹേഷ്, വിജയരാഘവന്‍, ലാലു അലക്‌സ്, അംബിക, സീമ, ഇവരൊക്കെയായിട്ട് നല്ല കമ്പനി ആയിരുന്നു. അംബികയുടെയും മുകേഷിന്റെയുമെല്ലാം കല്യാണത്തിന് വീഡിയോ എടുത്തത് ഞാനാണ്. അത് മാത്രമല്ല സരിതയുമായിട്ട് എന്റെ വൈഫ് നല്ല കൂട്ടാണ്,’ ഇബ്രാഹിംകുട്ടി പറഞ്ഞു.

Content Highlight: Ibrahim Kutty Talks About Mohanlal