തന്റെ കുടുംബത്തിന്റെ സിനിമ പാര്യമ്പര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഇബ്രാഹിംകുട്ടി. കുടുംബത്തില്‍ അങ്ങനെ ആരും അഭിനേതാക്കളായി ഉണ്ടായിരുനിന്നില്ലെന്നും ആകെയുള്ള ബന്ധം ഒരു അമ്മാവന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്നതുമാണെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.
തന്റെ പിതാവ് വളരെ സൗന്ദര്യമുള്ള ആളായിരുന്നെന്നും അദ്ദേഹത്തിന്റെ സൗന്ദര്യം മമ്മൂട്ടിക്ക് പോലും ലഭിച്ചിട്ടില്ലെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു. പിതാവ് സിനിമയോട് കമ്പമുള്ള ആളായിരുന്നെന്നും സിനിമ മാസികകള്‍ ധാരാളം വായിക്കുമായിരുന്നെന്നും പറഞ്ഞ ഇബ്രാഹിംകുട്ടി ആദ്യകാലങ്ങളില്‍ മമ്മൂട്ടി ആരോടും പറയാതെയാണ് സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ടുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. ന്യൂസ് അറ്റ് ഹൗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇബ്രാഹിംകുട്ടി.
‘ഞങ്ങളുടെ കുടുംബത്തില്‍ അങ്ങനെ പരമ്പരാഗത അഭിനേതാക്കളൊന്നും ഇല്ല. വാപ്പ നല്ലൊരു വോളിബോള്‍ പ്ലെയറായിരുന്നു. നന്നായിട്ട് വോളിബോള്‍ കളിക്കും. നല്ല ഹൈറ്റും സൗന്ദര്യവുമൊക്കെയുള്ള ഒരു സംഭവമായിരുന്നു വാപ്പ. അദ്ദേഹത്തിന്റെ സൗന്ദര്യമൊന്നും ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല, മമ്മൂട്ടിക്ക് പോലും കിട്ടിയിട്ടില്ല.
അമ്മാവന്മാരില്‍ ആരോ ഒരാള്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിലപ്പുറം ഞങ്ങള്‍ക്ക് സിനിമയുമായി ബന്ധമൊന്നും ഇല്ല. പിന്നെ സിനിമയുമായുള്ള ബന്ധമെന്ന് പറയുന്നത് അദ്ദേഹത്തിന് സിനിമയോട് വല്ലാത്ത കമ്പമായിരുന്നു. സിനിമാ മാസിക, ചിത്രരമ, നാനാ, അരുണ, തുടങ്ങി എല്ലാ സിനിമാ മാസികകളും അദ്ദേഹം വാങ്ങി വായിക്കുമായിരുന്നു.
പിന്നെ എല്ലാ സിനിമയുടെയും നോട്ടീസുകളും സൂക്ഷിച്ച് വെക്കുമായിരുന്നു. അന്നൊക്കെ ഒരു വടിയില്‍ പോസ്റ്ററും ഒട്ടിച്ചുകൊണ്ട് ഒരാളും ഒരാള്‍ ചെണ്ട കൊട്ടിയും വരും. മറ്റൊരാള്‍ നോട്ടീസും വിതരണം ചെയ്യും. അങ്ങനെ ആയിരുന്നു. ആ നോട്ടീസെല്ലാം എടുത്ത് വെക്കുമായിരുന്നു. പക്ഷെ സങ്കടമുള്ളത് അതൊന്നും സൂക്ഷിച്ച് വെച്ചില്ല എന്നതിലാണ്.
മുന്നേറ്റം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇച്ചാക്കയുടെയും രതീഷിന്റെയും കൂടെയുള്ള ഒരു ഫോട്ടോ നാനയില്‍ കവര്‍ പിക്കായി അടിച്ച് വന്നിരുന്നു. അതായിരുന്നു ഇച്ചാക്കയുടെ ആദ്യത്തെ കവര്‍ ഫോട്ടോ. പിന്നെ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലെ ഒരു സ്റ്റില്‍. അതും നാനയുടെ സെന്റര്‍ പേജിന്റെ സൈഡില്‍. അതൊക്കെ ഞങ്ങള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാനെല്ലാം ഇച്ചാക്ക വീട്ടില്‍ പറയാതെ വന്നതാണ്,’ ഇബ്രാഹിംകുട്ടി പറഞ്ഞു.
Content Highlight: Ibrahim Kutty Talks About His Family’s hereditary In Films