താനും മമ്മൂട്ടിയും ചെയ്യുന്ന സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും പക്ഷെ എല്ലാ സിനിമകളും കണ്ട് അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ ഫോട്ടോ കണ്ടാല്‍ തന്നെ ഭൂരിഭാഗം ആളുകള്‍ക്കും അത് തിരിച്ചറിയാനാവുമെന്നും അത് രൂപത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ടാണെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിം കുട്ടി പറഞ്ഞു.
”ഞങ്ങള്‍ പരസ്പരം സിനിമയുടെ കഥകള്‍ ഒന്നും ചര്‍ച്ച ചെയ്യാറില്ല. പുള്ളി അഭിനയിക്കുന്ന സിനിമകളുടെ കഥകളൊന്നും ഞങ്ങള്‍ ചോദിക്കാറില്ല. സിനിമയുടെ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും, ഏത് സിനിമയില്‍ അഭിനയിക്കണം എന്നൊക്കെ. ചില സംഭവങ്ങളൊക്കെ പുള്ളി ചെറിയ ചെറിയ കാര്യങ്ങളൊക്കെ പറയും, അല്ലാതെ അതിനെപ്പറ്റി ആധികാരികമായി സംസാരിക്കാറില്ല.
പുളളിക്ക് അറിയാലോ ഏത് സിനിമ ചെയ്യണം ഏത് ചെയ്യണ്ട എന്നൊക്കെ. പിന്നെ സിനിമ കണ്ടിട്ട് ഞങ്ങള്‍ അഭിപ്രായം പറയും. അതിപ്പോ ഏത് സിനിമ ആയാലും. ഈ അടുത്ത് പ്രണയവിലാസം കണ്ടിട്ട് പുള്ളി പറഞ്ഞു നല്ല സിനിമയാണെന്ന്. ഞങ്ങള്‍ എല്ലാ സിനിമയേയും കുറിച്ച് അഭിപ്രായം പറയും. എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ കാണും. കാന്താരയൊക്കെ ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടത്.
എനിക്ക് ഇച്ചാക്ക അഭിനയിച്ച ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ഇഷ്ടമാണ്. എന്റെ ചേട്ടന്‍ ആയത് കൊണ്ട് പറയുകയല്ല. മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ ഒരു 100 ഫോട്ടോസ് തന്നാല്‍ അതില്‍ 85 എണ്ണമെങ്കിലും ഏത് സിനിമയാണെന്ന് നിങ്ങള്‍ പറയും, പറയാന്‍ പറ്റും. ഇത് ധ്രുവം ആണ്, ഇത് മൃഗയ ആണ്, ഇത് മതിലുകള്‍ ആണെന്ന് നമുക്ക് കൃത്യമായി പറയാന്‍ പറ്റും. ഏത് സിനിമയാണെങ്കിലും പുള്ളിയെ കാണുമ്പോള്‍ നമുക്ക് പറയാന്‍ പറ്റും ഇത് ഏത് സിനിമയാണെന്ന്. അത് അപ്പിയറന്‍സില്‍ വരുന്ന മാറ്റം ആണ്,’ ഇബ്രാഹിംകുട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ഫാഷന്‍ സെന്‍സിനെ പറ്റിയും ഇബ്രാഹിം കുട്ടി സംസാരിച്ചിരുന്നു. ‘ഡ്രസിന്റെ കാര്യത്തില്‍ ഭയങ്കര അപ്പ്ഡേറ്റഡ് ആണ്. പാരിസിലൊക്കെ ഇറങ്ങുമ്പോഴേക്കും പുള്ളി ഇവിടെ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടാകും. പിന്നെ പുള്ളിക്ക് എന്ത് വേഷം ഇട്ടാലും നന്നായി ചേരും. ചില ലൂസ് ഷര്‍ട്ടൊക്കെ ഇട്ട് വരുമ്പോള്‍ ഞാന്‍ പറയും ഇതൊക്കെ പുള്ളിക്കെ ചേരുള്ളു എന്ന്. ഞാനൊക്കെ ലൂസ് ഷര്‍ട്ട് ഇട്ട് കഴിഞ്ഞാല്‍ വേറൊരു കോലം ആകും. മൂപ്പര്‍ സ്യൂട്ട് ഇട്ടാലും, കൈലി മുണ്ട് ഉടുത്താലും ചേരും. പുള്ളിയുടെ ശരീര പ്രകൃതി അങ്ങനെയാണ്,’ ഇബ്രാഹിം കുട്ടി പറഞ്ഞു.
Content Highlight: Ibrahim kutty talks about his discussion of cinema with mammootty